പൗരത്വ ഭേദഗതി എതിർക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകൂ’ പരാമർശം; മീററ്റ് എസ്പിക്ക് ഡിജിപിയുടെ ശാസന

മീററ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട മീററ്റ് എസ്പി അഖിലേഷ് നാരായൺ സിംഗിന് ശാസന. ഉത്തർപ്രദേശ് ഡിപിയുടേതാണ് നടപടി. എസ്പിയുടെ പരാമർശത്തിന്‍റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിയുടെ ശാസന. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാക്കുന്ന പരാമർശങ്ങൾ പാടില്ലെന്നും ഡിജിപി എസ്പിയെ അറിയിച്ചു. നേരത്തേ, എസ്പിക്കെതിരേ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രംഗത്തെത്തിയിരുന്നു. അടിയന്തരമായി പോലീസ് ഓഫീസർക്കെതിരേ നടപടി വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ കേന്ദ്രമന്ത്രിയടക്കം ഇടപെട്ടിട്ടും എസ്‍പിക്ക് ശാസനമാത്രമെന്നത് ശ്രദ്ധേയമാണ്. പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറയൂ. നിങ്ങൾ ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നു. പക്ഷേ കൂറ് കാണിക്കുന്നത് മറ്റൊരു നാടിനു വേണ്ടിയെന്നുമാണ് എസ്പി പരാമർശം നടത്തിയത്.