സെൽഫി ദുരന്തം തുടരുന്നു: ദേശീയ കായികതാരത്തിന് ജീവൻ നഷ്ടമായി

ന്യൂഡൽഹി: സെൽഫി ദുരന്തം തുടരുന്നു, ഇത്തവണ ജീവൻ നഷ്‌ടമായത് ദേശീയ കായികതാരത്തിന്. ഭോപ്പാൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാമ്പസിലാണ് സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയായ അത്ലറ്റ് പൂജ കുമാരിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സായ് കാമ്പസിലെ ക്രിക്കറ്റ് ഗ്രൗണ്്ടിനു സമീപത്തെ ആഴമുള്ള കുളത്തിനരികെനിന്നു സെൽഫിയെടുക്കുന്നതിനിടെ നീന്തൽ അറിയാത്ത പൂജ കാൽവഴുതി വീണു. കൂടെയുണ്്ടായവർക്കും നീന്തൽ അറിയാമായിരുന്നില്ല. തുടർന്ന് ഇവർ ബഹളംവച്ചതിനെ തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ എത്തി പൂജയെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ പൂജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കിനെ തുടർന്നു മൂന്നു മാസമായി ട്രാക്കിനു പുറത്തായിരുന്നു പൂജ. സംസ്‌ഥാനതലത്തിലും ദേശീയതലത്തിലും പുരസ്കാരങ്ങൾ നേടിയ അത്ലറ്റാണ് പൂജ. മരണത്തെ കുറിച്ച് സായ് അന്വേക്ഷണം പ്രഖ്യാപിച്ചിട്ടുണ്്ട്്.