നടി ആക്രമിക്കപ്പെട്ട കേസ്: നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്
ഷീബ വിജയ൯
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നും ദിലീപ് പറയുന്നു. കുടുംബ പ്രേക്ഷകരെ തന്റെ സിനിമയിൽ നിന്ന് അകറ്റാൻ ശ്രമിച്ച ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി വിധി പകർപ്പ് ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
മാധ്യമങ്ങളിൽ തെറ്റായ വാർത്ത നൽകി സമൂഹത്തിന്റെ ശത്രുത തനിക്കെതിരെ സൃഷ്ടിച്ചു. ആറ് പ്രതികളെ അറസ്റ്റ് ചെയ്തശേഷം കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ഇതിന് ശേഷം ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സർക്കാർ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി വെറുതെ വിട്ടത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതി സുനിൽ കുമാർ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം (വടിവാൾ സലിം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കൂട്ടബലാത്സംഗം അടക്കം ഇവർക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഇവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുത്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതികൾക്കുള്ള ശിക്ഷ ഡിസംബർ 12ന് വിധിക്കും. 2017 ഫെബ്രുവരി 17നാണ് സംഭവം നടന്നത്.
adsdsds
