സിപിഎം ഇനി ശീതകാല പച്ചക്കറി കൃഷിയിലേക്ക്


തിരുവനന്തപുരം: ഓണക്കാലത്തു നടത്തിയ ജൈവ പച്ചക്കറി കൃഷി പദ്ധതി വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ സിപിഎം ശീതകാലപച്ചക്കറി കൃഷിയിലേക്ക്. ശബരിമല സീസൺ ആയതിനാൽ പച്ചക്കറിയുടെ ആവശ്യകത വർധിക്കുമെന്നതു മുന്നിൽക്കണ്ടാണു പദ്ധതി. തദ്ദേശ തിരഞ്ഞെടുപ്പു സമയമായതിനാൽ പരസ്യപ്രചാരണങ്ങളില്ലാതെയായിരിക്കും പദ്ധതി നടപ്പാക്കുക. ജൈവകൃഷി വ്യാപിപ്പിക്കാൻ സന്നദ്ധ സാങ്കേതികസമിതികൾ രൂപവൽക്കരിക്കാനും തീരുമാനിച്ചു.

സിപിഎമ്മിന്റെ സമീപകാലത്തെ ഏറ്റവും ഫലപ്രദമായ ജനകീയ ഇടപെടലുകളിലൊന്നായാണു പാർട്ടി ജൈവ പച്ചക്കറി പ്രചാരണ പരിപാടിയെ കാണുന്നത്. 1500 ഏക്കറിൽ പച്ചക്കറി കൃഷി നടത്താനാണു പാർട്ടി ലക്ഷ്യമിട്ടതെങ്കിലും 2,500 ഏക്കറിൽ കൃഷി നടന്നതായി പദ്ധതിക്കു നേതൃത്വം നൽകിയ ഡോ. തോമസ് ഐസക് എംഎൽഎ പറഞ്ഞു. 15,000 ടൺ പച്ചക്കറി പാർട്ടി പ്രവർത്തകർ നേരിട്ട് ഉൽപാദിപ്പിച്ചു. ഇതിനു പുറമെ, കുടുംബശ്രീ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളിൽ നിന്നുള്ള ജൈവ പച്ചക്കറികളും ശേഖരിച്ചാണു 850 സ്റ്റാളുകൾ വഴി വിൽപന നടത്തിയത്. 12 കോടി രൂപയാണു പച്ചക്കറി വിൽപനയിൽ നിന്നുള്ള വരുമാനം. ജൈവകർഷകർക്കു വിപണിവിലയുടെ 25 ശതമാനം അധികതുക നൽകിയാണു പച്ചക്കറി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളാണ് ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിച്ചത്. പാർട്ടി ഇടപെടൽ കേരളത്തിൽ പൊതുവെ പച്ചക്കറി കൃഷി നടത്താനുള്ള താൽപര്യം വർധിപ്പിച്ചിട്ടുണ്ടെന്നും ഓണം വിപണിയിൽ അയൽ സംസ്ഥാനത്തു നിന്നുള്ള പച്ചക്കറി വരവും വിലയും കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലം കഴിഞ്ഞാൽ കേരളത്തിൽ പച്ചക്കറിക്ക് ആവശ്യകത വർധിക്കുന്നതു മണ്ഡലകാലമായ നവംബർ മുതൽ ജനുവരി വരെയുള്ള സമയത്താണ്. ഇതു മുന്നിൽക്കണ്ടാണു ശീതകാലപച്ചക്കറി കൃഷിയെന്ന ആശയം സിപിഎം മുന്നോട്ടുവയ്ക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പു സമയമായതിനാൽ പാർട്ടിയുടെ നേരിട്ടുള്ള പ്രചാരണപരിപാടിയുണ്ടാകില്ല. ഓണത്തിനു പച്ചക്കറി ഉൽപാദിപ്പിച്ച സംഘങ്ങളെല്ലാം ശീതകാലകൃഷിക്കുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.

You might also like

  • Straight Forward

Most Viewed