ഡോ. പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചു


കോഴിക്കോട് : സാഹിത്യകാരൻ ഡോ. പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തിൽ കഥ, നോവൽ എന്നീ രംഗങ്ങളിൽ തന്റെ സുവർണമുദ്ര പതിപ്പിച്ചു. ‘സ്‌മാരകശിലകൾ’ എന്ന നോവൽ ഏറെ ശ്രദ്ധനേടി. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ‘സ്‌മാരകശിലകൾ’ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

ഗവ. ബ്രണ്ണൻ കോളേജിൽനിന്നും ബിരുദം നേടിയ പുനത്തിൽ, അലിഗഡ് മു്ലസീം സർവ്വകലാശാലയിൽനിന്നുമാണ് എം. ബി. ബി. എസ്. നേടിയത്. 1970 മുതൽ 1973 വരെ ഗവ. സർവ്വീസിൽ ഡോക്‌ടറായിരുന്ന പുനത്തിൽ 74 മുതൽ 1996 വരെ സ്വകാര്യ നേഴ്‌സിംഗ്‌ഹോം നടത്തിവരുകയായിരുന്നു. തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്‌ഠിച്ചു.ഏഴു നോവലെറ്റുകൾക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. ‘സ്‌മാരകശിലകൾ, മരുന്ന്’ എന്നീ നോവലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.

‘സ്‌മാരകശിലകൾ’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്‌മാരക അവാർഡും ‘മരുന്നിന്’ വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡും (1998) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യസമിത നിർവ്വാഹകസമിതിയംഗം (1993–1996) കേന്ദ്രസാഹിത്യ സമിതിയംഗം (1986–1988) കോഴിക്കോട് സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗം (1984–88) എന്നീസ്‌ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന പുനത്തിൽ മൂന്നുതവണ സംസ്‌ഥാന ഫിലിം അവാർഡ് ജൂറിയും നാഷണൽ ഫിലിം അവാർഡ് ജൂറിയുമായിരുന്നു. ബിജെപി. സ്‌ഥാനാർഥിയായി ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed