വിദ്യാർത്ഥികൾക്ക് ലഹരി വിൽപ്പന നടത്തുന്ന സംഘം പിടിയിൽ

കൊച്ചി : വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാന്‍ എത്തിച്ച പുകയില ഉത്പ്പന്നങ്ങളുമായി മൂന്ന് പേരെ കാക്കനാട്ട് നിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി അയ്യർ സ്വാമി, ഭാര്യ മാല, പ്രായപൂർത്തിയാകാത്ത ഇവരുടെ സഹായി എന്നിവരാണ് പിടിയിലായത്.
സംഘം വാടകയ്‌ക്കെടുത്തിരുന്ന കെട്ടിടത്തിൽ നിന്ന് ചാക്കുകളിൽ കെട്ടിവച്ച ഹാൻസ്, ശംഭു, ചൈനിഘൈനി, പാന്‍പരാഗ് തുടങ്ങിയവ കണ്ടെടുത്തു. തൃക്കാക്കരയിലെ ഹയർ ചെക്കൻഡറി വിദ്യാലയത്തിലെ അദ്ധ്യാപകരും രക്ഷിതാക്കളും സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശിന് നൽകിയ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ജില്ല ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം വിദ്യാർത്ഥികൾക്കിടയിൽ പുകയില ഉൽപന്നങ്ങൾ വിറ്റിരുന്ന അയ്യർ സ്വാമിയുടെ സഹായികളെ പിടികൂടിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
സ്‌കൂൾ പരിസരങ്ങളിൽ കറങ്ങിയാണ് ഇയാൾ ലഹരിവസ്തുക്കൾ കൈമാറിയിരുന്നത്. മധുരയിൽ ഹാൻസ് മൊത്ത വ്യാപാരം നടത്തുന്ന അയ്യർ സ്വാമിയാണ് നഗരത്തിലെ ഇടനിലക്കാർക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ചിരുന്നത്. ഷാഡോ എസ്.ഐ. ഹണി കെ. ദാസ്, തൃക്കാക്കര എസ്.ഐ. എ.എൻ. ഷാജു, സി.പി.ഒ.മാരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.