അപകടത്തില്‍പെട്ടവര്‍ക്ക് രക്ഷകനായി ധനകാര്യമന്ത്രി

ആലപ്പുഴ: ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് വഴിയാത്രക്കാര്‍ക്ക് രക്ഷകനായി. ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് നടുറോഡില്‍ കിടന്ന സ്ത്രീയെയും ഓട്ടോ ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചത് തോമസ് ഐസക് തന്നെ. മറ്റ് കാര്‍ യാത്രക്കാര്‍ മടിച്ച് നിന്ന സമയത്താണ് സ്വന്തം ഔദ്യോഗിക വാഹനത്തില്‍ തോമസ് ഐസക് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തോമസ് ചാണ്ടി എംഎല്‍എയുടെ വീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കുവാനാണ് ഐസക് ആലപ്പുഴയില്‍ എത്തിയത്. ഓട്ടോ റിക്ഷ മറിഞ്ഞ് നടുറോഡില്‍ കിടന്നവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നവരെ തോമസ് ഐസക്ക് വിമര്‍ശിച്ചു. കൈയ്യില്‍ നിന്ന് ആശുപത്രി ചെലവും നല്‍കിയാണ് മന്ത്രി മടങ്ങിയത്.
സംഭവുമായി ബന്ധപ്പെട്ട് ഐസക് നൽകിയ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആദ്യം മന്ത്രി തിലോത്തമന്‍ ആണ് വിളിച്ചത് . എങ്ങിനെ ഉണ്ട് . ഗൗരവമായിട്ട് ഒന്നും പറ്റിയില്ലല്ലോ? . എനിക്ക് ആദ്യം ചോദ്യം മനസ്സിലായില്ല പിന്നീട് എന്‍റെ ഓഫീസില്‍ നിന്നായി ഫോണ്‍ . പുറകെ മറ്റ് പലരും വിളിച്ചു .കാര്യം ഇതായിരുന്നു . തോമസ് ചാണ്ടി എം എല്‍ എ യുടെ വീട്ടിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന സമയത്ത് കിടങ്ങറ പാലത്തില്‍ ഒരു ഓട്ടോ മറിഞ്ഞു . ആളുകള്‍ വളരെ പണിപ്പെട്ടു യാത്രക്കാരി സുജാതയെ ഓട്ടോയില്‍ നിന്ന് വലിച്ചു പുറത്തെടുത്തു , അവര്‍ ആണെങ്കില്‍ വാവിട്ടു നിലവിളിക്കുന്നു . ഓട്ടോറിക്ഷ ഡ്രൈവര്‍ ആകട്ടെ തലപൊട്ടി ചോര ഒലിപ്പിച്ചു നില്‍ക്കുന്നു. വാഹനങ്ങളുടെ നീണ്ട ക്യൂ . നാട്ടുകാരില്‍ ചിലര്‍ ഓട്ടോറിക്ഷ ഉയര്‍ത്തി റോഡില്‍ നിന്ന് തള്ളി നീക്കി . എന്നാല്‍ കാറുകാര്‍ ആരും മുറിവേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ഉള്ള ഭാവം ഇല്ലായിരുന്നു . പലരും ബസ്സില്‍ നിന്നും കാറില്‍ നിന്നും മൊബൈല്‍ ഫോണ്‍ നീട്ടി വീഡിയോ പിടിക്കുന്നു, ഫോട്ടോ എടുക്കുന്നു . സുജാതയെ എന്‍റെ കാറില്‍ കയറ്റി ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ തീരുമാനിച്ചു . എന്‍റെ പിന്നാലെ വന്ന കാര്‍ ഡ്രൈവര്‍ ഓട്ടോ ഡ്രൈവറെ കയറ്റി ,ആശുപത്രിയില്‍ ഇവരെ അഡ്മിറ്റ് ചെയ്തു കല്യാണത്തിനായി പോയി. ചികിത്സ നടത്തിക്കോളൂ പണം ഞാന്‍ തിരികെ വന്നിട്ട് അടയ്ക്കാം എന്ന് പറഞ്ഞാണ് പോയത് . കല്യാണവും കഴിഞ്ഞു ആശുപത്രിയില്‍ തിരിച്ചെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഹാജരുണ്ട് . "എനിക്കുണ്ടായ അപകടത്തെ" കുറിച്ച് അവരും കേട്ടിരിക്കുന്നു . ഭാഗ്യത്തിന് അപകടത്തില്‍ പെട്ട രണ്ടുപേര്‍ക്കും വലിയ ഗുരുതരമായ പരിക്കുകള്‍ ഒന്നും ഇല്ല . ഇന്ന് തന്നെ വീട്ടില്‍ പോകാം . അപകടകാരണം ഓട്ടോ ഡ്രൈവറുടെ അശ്രദ്ധ തന്നെ . തൊട്ടു പിന്നാലെ വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് നന്നായി ബ്രേക്ക് ചെയ്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി .