മേയറെയും ഭാര്യയെയും പോലീസ് വെടിവെച്ചു കൊന്നു
മനില : മേയറും ഭാര്യയും ഉൾപ്പെടെ 15 പേരെ ദക്ഷിണ ഫിലിപ്പീൻസിൽ പോലീസ് വെടിവച്ചുകൊന്നു. മയക്കുമരുന്നു ലോബിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒസാമിസ് മേയർ റെയ്നോൾഡോയും ഭാര്യയും മറ്റു 13 പേരെയുമാണ് കൊന്നത്. മേയർ റെയ്നോൾഡോയുടെ പുത്രിയും ഒസാമിസ് വൈസ് മേയറുമായ നോവാ എക്കാവിസ് ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റുചെയ്തിട്ടുമുണ്ട്.
അനധികൃത ആയുധശേഖരം റെയ്ഡു ചെയ്യാനായി മേയറുടെ വസതിയിലെത്തി പോലീസിനു നേരെ അദ്ദേഹത്തിന്‍റെ സുരക്ഷാഗാർഡുകൾ വെടിവച്ചു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണു 15 പേർ മരിച്ചത്. ഗ്രനേഡുകളും വെടിക്കോപ്പുകളും മയക്കുമരുന്നും പിടിച്ചെടുത്തെന്നു പ്രവിശ്യാ പോലീസ് മേധാവി ജെയ്സൻ ഗുസ്മൻ അറിയിച്ചു.
മയക്കുമരുന്നുലോബിയെ അമർച്ച ചെയ്യുമെന്നും വേണ്ടിവന്നാൽ അവരെ കൊലപ്പെടുത്തുമെന്നും നേരത്തെ ഫിലിപ്പീൻസ് പ്രസിഡണ്ട് ഡുട്ടെർട്ടെ പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്നു കള്ളക്കടത്തുകാർക്ക് എതിരെ ഫിലിപ്പീൻസിൽ ആരംഭിച്ച വേട്ടയിൽ 2016 ജൂണിനുശേഷം മൂവായിരത്തിലധികം പേർക്കു ജീവഹാനി നേരിട്ടു.

