ഓൺലൈൻ വ്യാ­പാ­രം കൊ­ഴു­ക്കു­ന്നു ­: വ്യാ­പാ­രി­കൾ­ക്ക് ഭീ­ഷണി­


മനാമ : ബഹ്റൈനിൽ പല ഉൽപ്പന്നങ്ങളുടെയും ഓൺലൈൻ വ്യാപാരം സജീവമാകുന്നത് നിയമപരമായി കച്ചവടം നടത്തുന്നവർക്ക് ഭീഷണി സൃഷ്ടിക്കുന്നു.വസ്ത്രങ്ങൾ, വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ മുതൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വരെ ഓൺലൈൻ ആയി വിൽക്കുന്ന സംഘങ്ങൾ സജീവമാണ്. ചുരിദാർ, മറ്റു വസ്ത്രങ്ങൾ തുടങ്ങി വിൽപ്പന നടത്തുന്ന വളരെ സത്യസന്ധമായി പ്രവർത്തിക്കുന്ന ചിലർ ഒഴിച്ചാൽ വൻ തട്ടിപ്പു സംഘങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടെന്നുള്ളതാണ് ഓൺ ലൈൻ വ്യാപാരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്. മുന്തിയ കന്പനികളുടെ വാച്ചുകളും മൊബൈൽ ഫോണുകളും യഥാർത്ഥ വിലയേക്കാൾ കുറച്ചാണ് പലരും ഓൺലൈനിൽ കാണിക്കുന്നത്. ഇത് വിശ്വസിച്ചാണ് പലരും ഓർഡർ നൽകുന്നത്. എന്നാൽ പലപ്പോഴും കാഴ്ചയ്ക്കു ഒറിജിനൽ പോലെ തോന്നുന്നവ ആണെങ്കിലും പ്രാദേശികമായി ഇത്തരത്തിൽ ഓൺലൈൻ  വഴി ഓർഡർ ചെയ്‌താൽ ലഭിക്കുന്നത് പലതും തട്ടിപ്പു സാധനങ്ങളാണെന്ന് ഇത്തരത്തിൽ  സാധനങ്ങൾ വാങ്ങി കബളിപ്പിക്കലിന് ഇരയായവർ പറയുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ വഴി കണ്ട മനോഹരമായ വാച്ചുകൾക്കു ഓർഡർ നൽകിയപ്പോൾ അടുത്ത ദിവസം ലഭിച്ചത് കളിപ്പാട്ടത്തിനു സമാനമായ വാച്ചുകൾ ആണത്രേ. തുടർന്ന് ഓർഡർ നൽകിയ വാച്ചുകൾ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിനെ തുടർന്ന് മറ്റൊരാൾ വഴി വീണ്ടും ഒരു വാച്ച് ഓർഡർ ചെയ്ത് വ്യാപാരിയെ വരുത്തി കൊടുത്ത പണം പിടിച്ചു വാങ്ങുകയായിരുന്നു. വിശേഷപ്പെട്ട വളകൾ, മറ്റു ആഭരണങ്ങൾ, ആരോഗ്യം കാത്തു സൂക്ഷിക്കാനുതകുന്ന ചില സാമഗ്രികൾ തുടങ്ങിയവയും ഇത്തരത്തിലുള്ള തട്ടിപ്പു സംഘങ്ങൾ ഓൺലൈനായി വിൽപ്പന നടത്തുന്നുണ്ട്. വയർ കുറയ്ക്കാനാവശ്യമായ ബെൽറ്റ് പോലുള്ളവയാണ് ഇത്തരത്തിൽ വിപണിയിൽ ലഭ്യമായ ഒരിനം. വാങ്ങി ഉപയോഗിച്ചുകഴിയുന്പോൾ മാത്രമേ സാധനത്തിന്റെ ഗുണനിലവാരം മനസ്സിലാവുകയുള്ളൂ എന്നതിനാൽ തട്ടിപ്പു സംഘങ്ങൾക്ക് അടുത്ത ഉപഭോക്താവിനെ എളുപ്പത്തിൽ വല വീശി പിടിക്കാം.

റെഡിമെയ്ഡ് വസ്ത്ര വിപണിയിൽ ഓൺലൈൻ വ്യാപാരം സജീവമാകുന്നുണ്ട്. ബഹ്‌റൈനിലെ പല ടെക്ൈസ്റ്റൽസുകൾക്കും റെഡിമെയ്ഡ് സ്ഥാപനങ്ങൾക്കും ഭീഷണിയായാണ് ഓൺലൈൻ വസ്ത്രവ്യാപാരം സജീവമാകുന്നത്. എന്നാൽ വ്യാപാര സ്ഥാപനങ്ങളിൽ സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വില കാരണമാണ് പലരും ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നതെന്ന് ചില ഓൺ ലൈൻ ഉപഭോക്താക്കൾ പറയുന്നു. സ്ത്രീകളുടെ ഉടുപ്പുകളാണ് പ്രധാനമായും ഓൺലൈനിലൂടെ വിട്ടുപോകുന്നത്. ചിലവില്ലാത്ത മാർക്കറ്റിംഗാണ് ഓൺലൈൻ വിപണിയുടെ ഏറ്റവും വലിയ പ്രത്യേകത. കേവലം ഫേ‌സ്ബുക്ക് അക്കൗണ്ട് ആരംഭിച്ചാൽ ആർക്കും ഓൺലൈൻ വ്യാപാരം ആരംഭിക്കാമെന്നത് കൊണ്ട് തന്നെ ഈ വിപണിയിൽ കൂടുതൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് മനാമയിലെ ഒരു വ്യാപാരി പറഞ്ഞു. ഇത് സിആർ എടുത്തു നിയമപരമായി കച്ചവടം നടത്തുന്ന ചില്ലറ വ്യാപാരികളെ സാരമായി ബാധിക്കുന്നുണ്ട്. കട വാടക, ജീവനക്കാരുടെ ശന്പളം, ഗോസി, വിസാ എക്സ്പെൻസ്, മറ്റു നിയമപരമായ കാര്യങ്ങൾക്കു വേണ്ടുന്ന ചിലവുകൾ എന്നിവ അടക്കം നിയമപരമായി വ്യാപാര സ്ഥാപനം നടത്തുന്നവർക്ക് ഇത്തരത്തിൽ നിരവധി ചിലവുകൾ വരുന്നുണ്ട്. അതിനിടയിലാണ് യാതൊരു വിധ ചിലവുകളും ഇല്ലാതെ ഓൺലൈൻ വ്യാപാരം കൊഴുക്കുന്നത്. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചു നിരവധി പേർ ഇപ്പോൾ ഓൺലൈൻ വ്യാപാരം നടത്തുന്നുണ്ട്. കൂടാതെ ചില ടൈലറിംഗ് പഠിച്ച സ്ത്രീകളും ഈ നിലയ്ക്ക് ഉപഭോക്താക്കളെ വലയിലാക്കുന്നുണ്ട് എന്നാണ് റെഡിമെയ്ഡ് വ്യാപാരികൾ പറയുന്നത്. വീട്ടിൽ ഇരുന്നു സ്വയം തൊഴിൽ എന്ന നിലയിൽ ചെയ്യുന്ന സൗഹൃദ വ്യാപാരങ്ങളും നന്നായി നടന്നു വരുന്നു. സുഹൃത്തുക്കളും ഒരിക്കൽ വസ്ത്രങ്ങൾ എടുത്തു വിശ്വാസ്യത ആർജ്ജിച്ചവരുമായിട്ടുള്ള ഫേ‌സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് ഇത്തരം വ്യാപാരങ്ങൾ കൂടുതലായി നടക്കുന്നത്. ഇത്തരത്തിലുള്ള വ്യാപാരങ്ങളിൽ തട്ടിപ്പുകൾ നടക്കുന്നില്ലെന്നത് കൊണ്ടുതന്നെ മലയാളികൾ അടക്കമുള്ള നിരവധി പേർ ഈ സൗഹൃദ വിപണിയിൽ ചേരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed