യെമനിലെ ഭീകരവാദ സംഘടനാ നേതാക്കൾക്ക് ബഹ്‌റൈൻ ഉപരോധം ഏർപ്പെടുത്തി

മനാമ : യെമനിൽ ഭീകരവാദത്തിനും അക്രമങ്ങൾക്കും പിന്തുണ നൽകുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബഹ്‌റൈൻ ഉപരോധം ഏർപ്പെടുത്തി. യെമൻ ആസ്ഥാനമായ ഡയീഷ്, അൽഖ്വയ്ദ എന്നീ സംഘടനകളുടെ സ്ഥാപകർ, നേതാക്കന്മാർ, സാന്പത്തിക പിന്തുണ നൽകുന്നവർ എന്നിവർക്കാണ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവര പ്രകാരം ബഹ്‌റൈനിൽ ഇവർക്ക് ആസ്തികൾ ഉണ്ട്. ഇവരുമായി ബന്ധം പുലർത്തുന്നവർക്കും ഉപരോധം ഏർപ്പെടുത്തും.
അമേരിക്ക, സൗദി അറേബ്യ എന്നിവരുടെ സഹകരണത്തോടെയുള്ള ഗ്ലോബൽ ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗറ്റിംഗ് സെന്ററിന്റെ (ടി.എഫ്.ടി.സി) ഭാഗമാണ് ഈ നീക്കം. ടി.എഫ്.ടി.സിയുടെ സജീവ അംഗമാണ് ബഹ്‌റൈൻ. ഭീകരവാദത്തിന് സാന്പത്തിക പിന്തുണ നൽകുന്ന ശൃംഖലകളും ബന്ധപ്പെട്ട പ്രവർത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ടി.എഫ്.ടി.സി പ്രവർത്തിക്കുന്നത്. ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിന് ബഹ്‌റൈനും മറ്റ് അംഗരാജ്യങ്ങളും അമേരിക്കയുമായുള്ള ബന്ധം ആഴത്തിൽ വർദ്ധിപ്പിക്കുന്നതിന്റെ സൂചനയാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.