ഫ്രീ വിസ തൊഴിലാളികളെ ജോലിക്കെടുക്കുന്നതായി എം.പിയുടെ ആരോപണം

മനാമ : ചില മന്ത്രാലയവും, ഗവൺമെന്റ് സ്ഥാപനങ്ങളും ഫ്രീ വിസ തൊഴിലാളികളെ ജോലിക്കെടുക്കുന്നതായി എം.പി അദെൽ അൽ അസ്സൂമി ആരോപിച്ചു. ഫ്രീ വിസ തൊഴിലാളികളുട പ്രശ്നം സംബന്ധിച്ച കാര്യങ്ങൾക്കായി കഴിഞ്ഞ വർഷം രൂപീകരിച്ച പാർലമെന്ററി അന്വേഷണ കമ്മിറ്റിയ്ക്ക് നേതൃത്വം വഹിക്കുന്നത് എം.പി അദെൽ അൽ അസ്സൂമിയാണ്.
ചില പദ്ധതികൾക്കായി സ്വകാര്യ സ്ഥാപനങ്ങളുമായി ഗവൺമെന്റ് സ്ഥാപനങ്ങളും, മന്ത്രാലയവും കരാറിലേർപ്പെടാറുണ്ട്. എന്നാൽ പദ്ധതിയുടെ പൂർത്തീകരണത്തിനായി ആ കന്പനി ഫ്രീ വിസ തൊഴിലാളികളെ ജോലിക്കെടുക്കുന്നുണ്ട്. ഇത്തരത്തിൽ അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്നത് നിയമലംഘനമാണെന്നും, ഇത്തരം കന്പനികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമൂഹ്യ − സാന്പത്തിക വ്യവസ്ഥിതിയ്ക്ക് തന്നെ ഭീഷണിയാകുന്ന ഫ്രീ വിസക്കാരെ ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണം.
അടുത്തിടെ ജലോപരിതലത്തിന് താഴെയുള്ള അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി ഫ്രീ വിസ തൊഴിലാളികളെ ജോലിക്കെടുത്തത് എം.പി ജലാൽ കാഥേം അൽ മഹ്‌ഫൗദ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പുറമെയാണ് എം.പി അദെൽ അൽ അസ്സൂമിയും ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.