കത്തുന്ന ചൂടിലും തൊഴിലാളികൾക്ക് എയർകണ്ടീഷനില്ലാത്ത വാഹനങ്ങൾ

മനാമ : വേനൽ അതിന്റെ മൂർദ്ധന്യത്തിലായിരിക്കെ തൊഴിലാളികളെ എയർകണ്ടീഷനില്ലാത്ത വാഹനങ്ങളിൽ തൊഴിലിടങ്ങളിലേയ്ക്കും താമസ സ്ഥലങ്ങളിലേയ്ക്കും കൊണ്ടുപോകുന്ന കാഴ്ച വേദനയുണർത്തുന്നു. കഴിഞ്ഞ ദിവസം മനാമയിലെ പ്രധാന നിരത്തിലൂടെ ഇത്തരത്തിൽ ഒരു കാഴ്ച കാണാനിടയായി. എട്ട് പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന വാനിൽ ഉൾക്കൊള്ളാവുന്നതിലധികം തൊഴിലാളികളെ കുത്തിനിറച്ചാണ് ഒരു മിനി ബസ് പോകുന്നത്. ചൂടിൽ അൽപ്പം ആശ്വാസം ലഭിക്കുന്നതിന് വേണ്ടി വാഹനത്തിന്റെ ഗ്ലാസ്സുകൾ തുറന്നിട്ടായിരുന്നു തൊഴിലാളികൾ യാത്ര ചെയ്യുന്നത്.
ഉച്ചവിശ്രമ നിയമം പാലിക്കാനാണ് തൊഴിലാളികളെ പണി സ്ഥലത്ത് നിന്ന് ഉച്ചയ്ക്ക് താമസ സ്ഥലത്ത് എത്തിക്കുന്നത്. എന്നാൽ എയർകണ്ടീഷനില്ലാത്ത വാഹനങ്ങളിൽ തൊഴിലാളികളെ കുത്തിനിറച്ചു താമസ സ്ഥലത്തേയ്‌ക്ക് കൊണ്ടുവരുന്ന കന്പനികൾ തൊഴിലാളികൾക്ക് വിശ്രമത്തിന് പകരം പീഡനമാണ് നൽകുന്നത്.
ഉച്ച വിശ്രമ നിയമം വരുന്നതിന് മുന്പ് രാവിലെ തൊഴിൽ സ്ഥലത്ത് എത്തിക്കുന്ന തൊഴിലാളികളെ വൈകുന്നേരം മാത്രമേ മടക്കി കൊണ്ടു വരേണ്ടതായിട്ടുള്ളൂ. എന്നാൽ നിയമം വന്നതോടെ നാല് ട്രിപ്പുകൾ തൊഴിലാളികൾക്ക് വേണ്ടി ഓടേണ്ടി വരുന്നു. അതുകൊണ്ട് വരുന്ന അധിക ചിലവ് ഒഴിവാക്കാൻ അനധികൃതമായി ഓടുന്ന വാഹനങ്ങളെ കന്പനികൾ ആശ്രയിക്കുന്നതാണ് ഇത്തരത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഹ്യുമിഡിറ്റിയും വിയർപ്പു നാറ്റവും നിമിത്തം പലപ്പോഴും വാഹനത്തിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. പരാതി പറഞ്ഞാൽ അത് ജോലിയെ ബാധിക്കുമോ എന്ന് ഭയന്നാണ് പരമാവധി സഹിച്ചും ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നതെന്ന് ഒരു തമിഴ്നാട് സ്വദേശിയായ തൊഴിലാളി ഫോർ പി.എം ന്യൂസിനോട് പറഞ്ഞു.
തൊഴിലിടങ്ങളിൽ ഉച്ച വിശ്രമ നിയമം പാലിക്കുന്നുണ്ടോ എന്ന് അറിയാനായി അധികൃതർ പല സ്ഥലത്തും മിന്നൽ പരിശോധന നടത്തുന്പോഴും തൊഴിലാളികളെ കൊണ്ട് പോകന്ന വാഹനങ്ങളിലും ലേബർ ക്യാന്പുകളിലും മതിയായ എയർ കണ്ടീഷനുകൾ ഇല്ലാത്തത് തൊഴിലാളികൾക്ക് പലപ്പോഴും രോഗകാരണം ആകുന്നുണ്ട്. ചില സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർക്കും കൊടിയ ചൂടിൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നുണ്ട്.