സെക്സ് ചാറ്റ് റാക്കറ്റ് ബഹ്റിനിലെ യുവാക്കളെ വലവീശിപ്പിടിക്കുന്നു

രാജീവ് വെള്ളിക്കോത്ത്
മനാമ : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് യുവാക്കളെ സെക്സ് ചാറ്റിന് ക്ഷണിച്ചു കൊണ്ട് ചതിയിൽപ്പെടുത്തുന്ന സംഘം ബഹ്റിനിലെ യുവാക്കളെ വലവീശിപ്പിടിക്കുന്നു. ഒരു മാസം മുന്പ് ഇത്തരത്തിൽ ചാറ്റ് നടത്തി യുവാവിന്റെ വീഡിയോ പുറത്ത് വിട്ട സംഘം വൻ തുകയാണ് വീഡിയോ പിൻ വലിക്കാൻ ആവശ്യപ്പെട്ടത്. അതിന് പിറകെയാണ് കഴിഞ്ഞ ദിവസം മറ്റൊരു മലയാളി യുവാവും ഇത്തരത്തിലുള്ള ഒരു യുവതിയുടെ ചാറ്റ് ചതിയിൽപ്പെട്ട
തായി ഫോർ പി.എം ന്യൂസിസിൽ അറിയിച്ചു. ഫെയ്‌സ് ബുക്കിൽ സിംഗപ്പൂരിൽ നിന്നുള്ള സുന്ദരിയായ ഒരു യുവതിയുടെ ഫ്രണ്ട് ഷിപ്പ് റിക്വസ്റ്റ് വന്നതോടെയാണ് ഈ യുവാവും ചതിവിൽപ്പെട്ടത്.
ഫ്രണ്ട് ലിസ്റ്റിൽപ്പെടുത്തിയ സുന്ദരി പിന്നീട് യുവാവുമായി സ്‌ഥിരം ചാറ്റ് ആരംഭിക്കുകയും ചാറ്റ് ഒടുവിൽ പ്രേമസല്ലാപത്തിലേയ്ക്കും തുടർന്ന് ലൈംഗിക താൽപ്പര്യം ഉണർത്തുന്ന സംഭാഷണങ്ങളിലേയ്ക്കും കടക്കുന്നു. തുടർന്ന് യുവാവിനെ വീഡിയോയിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതി സെക്സ് വീഡിയോ ചാറ്റ് ആരംഭിക്കുന്നു. യുവതിയിൽ ആകൃഷ്ടനായ യുവാവും അതോടെ സമാനമായ തരത്തിൽ ചാറ്റ് ആരംഭിക്കുന്നു. തുടർന്നാണ് യുവതി തനിനിറം കാണിക്കാൻ തുടങ്ങിയത്.
യുവാവ് സർവ്വ സമർപ്പണം ചെയ്തു നടത്തിയ വീഡിയോ ചാറ്റ് സുന്ദരി റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ടെന്നും ഇത് യൂ ട്യൂബിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 500 ദിനാറാണ് യുവതി ആവശ്യപ്പെട്ടത്. ഈ തുക കൊടുക്കാൻ തയ്യാറായില്ലെങ്കിൽ യുവാവിന്റെ ഫെയ്‌സ് ബുക്കിലുള്ള പല സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും യുവാവിന്റെ നഗ്‌ന വീഡിയോ അയക്കുമെന്നാണ് ഭീഷണി. താൻ ആത്മഹത്യയുടെ വക്കിലാണെന്നും ഇനിയെങ്കിലും ഇത്തരത്തിലുള്ള സൗഹൃദങ്ങളിൽ ആരും പെട്ട് പോകരുതെന്നുമാഗ്രഹമുള്ളത് കൊണ്ടാണ് ഇത് അറിയിക്കുന്നതെന്നും യുവാവ് പറഞ്ഞു. സിംഗപ്പൂരിൽ നിന്ന് എന്നാണ് പ്രൊഫൈലിൽ പറഞ്ഞിരിക്കുന്നതെങ്കിലും അതും തട്ടിപ്പാണോ എന്ന് സംശയിക്കുന്നതായി യുവാവ് പറഞ്ഞു.
ഒറ്റയ്ക്ക് താമസിക്കുന്നവരെയും വിദേശത്ത് ജോലിക്ക് വന്ന യുവാക്കളെയുമാണ് സെക്സ് ചാറ്റ് റാക്കറ്റ് വലവീശിപ്പിടിക്കുന്നത്. ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ യുവാക്കളുടെ വിശദാശങ്ങൾ മനസ്സിലാക്കുന്ന ഒരു വലിയ സംഘം തന്നെ ഇത്തരത്തിലുള്ള വരെ കണ്ടെത്താനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. അടുത്ത ദിവസങ്ങളിലായി പല യുവാക്കൾക്കും അപരിചിതരായ യുവതികളുടെ ഫ്രെണ്ട്സ് റിക്വസ്റ്റ് ലഭിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിൽ താരതമ്യേന നല്ല ജോലി, സാന്പത്തികാവസ്‌ഥ എന്നിവയുടെ അടിസ്‌ഥാനത്തിലാണ് സംഘം യുവതികളെക്കൊണ്ട് ഇത്തരത്തിലുള്ള പ്രൊഫൈലിൽ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അയപ്പിക്കുന്നത്. യുവതികളിൽ ആകൃഷ്ടരാകുന്ന യുവാക്കൾ പിന്നീട് ഒരു തരം ലഹരിക്ക് അടിമപ്പെടുകയും പൂർണ്ണമായും യുവതികൾക്ക് വശം വദരാവുകയും ചെയ്യുകയാണ്. ഇത്തരത്തിലുള്ള ചതിയിൽപ്പെട്ട നിരവധി യുവാക്കളുടെ മാനം പോകുമെന്ന് ഭയന്ന് യുവതികൾ പറഞ്ഞ ബാങ്ക് അക്കൗണ്ടിൽ പണം അയച്ചു കൊടുത്തതായും കരുതുന്നു. ഓൺലൈൻ ചാറ്റിങ്ങിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ പല യുവതികളും സെക്സ് റാക്കറ്റിന്റെ പിടിയിൽപ്പെടുകയും ആത്മഹത്യക്കു വരെ കാരണമാവുകയും ചെയ്ത സാഹചര്യങ്ങളും ഇതിന് മുന്പും ഉണ്ടായിട്ടുണ്ട്. വാർത്താ മാധ്യമങ്ങൾ ഇതിനെക്കുറിച്ച് വളരെ വിപുലമായ പ്രചാരണം നൽകിയതോടെ പെൺ കുട്ടികൾ ഇത്തരത്തിലുള്ള ചതിയിൽപ്പെടുന്നത് കുറഞ്ഞു വരുന്നുമുണ്ട്. എന്നാൽ ഇപ്പോൾ അതേ സ്ഥാനത്ത് യുവതികളിൽ ആകൃഷ്ടരാകുന്ന പ്രവാസി യുവാക്കളാണ് ഇത്തരത്തിലുള്ള ചതിയിൽപ്പെട്ട് കൊണ്ടിരിക്കുന്നത്.