ഒരു കൊറോണ തിരിച്ചറിവ്


പ്രൈമറി ക്ലാസുകളിൽ പഠിച്ചതും ഇന്നും പഠിപ്പിക്കുന്നതുമായ ഒരു കാര്യത്തിൽ വളരെ വ്യക്തത വന്നിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണ് നാമെല്ലാം. എന്താന്നല്ലേ ഒരു ജീവിയുടെ അടിസ്ഥാന ആവശ്യം എന്നു പറയുന്നതെന്ത്? ഉത്തരം നമ്മൾ പഠിച്ചതാണ്. പരീക്ഷകൾക്ക ഈ ഉത്തരം എഴുതിയതുമാണ്. വായു, വെള്ളം, ആഹാരം, പാർപ്പിടം. വസ്ത്രം പോലും ജീവിക്കുവാൻ അടിസ്ഥാന ആവശ്യമല്ലയെന്നിരിക്കെ പിന്നെ മറ്റുള്ളവയൊക്കെയോ? അവയൊക്കെ ആവശ്യമാണെങ്കിലും അത്യാവശ്യങ്ങൾ അല്ല എന്നു തന്നെയാണ് ഈ ഒരു മാസം കൊണ്ട് ഒരുകുഞ്ഞൻ വൈറസ്സ് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിദേശജോലികളും, കോർപ്പറേറ്റ് ജോലികളും നമ്മുടെ ജീവിത ശൈലികൾ തന്നെ മാറ്റി മറിച്ചിരിക്കുന്നു. ധാരാളിത്തരങ്ങൾ കൊണ്ടു നമ്മൾ ജീവിതം നിറച്ചു. പഴയ തലമുറ അടിസ്ഥാന ആവശ്യങ്ങൾ മാത്രം ഉപയോഗിച്ചു ജീവിക്കുവാൻ ശീലിച്ചിരുന്നവരായിരുന്നപ്പോൾ പുതുതലമുറ ആർഭാട ജീവിതത്തിൽ ലയിച്ചു ജീവിച്ചു ശീലിച്ചു പോയി. നമ്മുടെ മക്കളെയും നമ്മളങ്ങനെ ശീലിപ്പിക്കുന്നു.  ഒന്നു കണ്ണടച്ചു തുറക്കുന്ന നേരം മതി ഭൂമിക്കു തന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ എന്നു പല ആവർത്തി ഭൂമിദേവി മനുഷ്യനു മനസ്സിലാക്കി കൊടുത്തുവെങ്കിലും അതൊന്നും ഉൾക്കൊള്ളാനോ തെറ്റു തിരുത്തുവാനോ മനുഷ്യർ തയ്യാറാവുന്നില്ല . തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. 

എല്ലാറ്റിനേയും നിസ്സാരവത്കരിക്കുക എന്നത് മനുഷ്യന്റെ സ്വഭാവമാണ്. പണ്ടു വാമനന്റെ വലിപ്പക്കുറവുകണ്ട മഹാബലി മൂന്നടിമണ്ണൂ ചോദിച്ചപ്പോൾ നിസ്സാര ഭാവത്തിൽ അനുവദിച്ചുകൊടുത്തു പാതാളത്തിലേക്കു താഴ്ന്നുപോയി. അതു പോലെ ദാവീദെന്ന ബാലനെക്കണ്ടു പുച്ഛിച്ച ഗോലിയാത്തിന്റെ പതനവും നമ്മൾക്കറിയാം. ഈ ലോകം മുഴുവനും കൈയ്യടക്കി എന്ന് അവകാശപെടുന്ന, ചൊവ്വഗ്രഹത്തിൽ വരെ വിനോദ യാത്രയ്ക്കുപോവാൻ വേണ്ടി പേരുകൾ രജിസ്ട്രേഷൻ നടന്നു കൊണ്ടിരിക്കുന്ന, ചന്ദ്രനിൽ കാലുകുത്തിയ, വീണ്ടും ചന്ദ്രനിൽ ആളെ അയക്കുവാൻ ഒരുങ്ങുന്ന, ഒരു പുതിയ സൂര്യനെ രാത്രി പകലാക്കുവാനായി ഉണ്ടാക്കി ഒരുക്കങ്ങൾ പൂർത്തിയാക്കാറായ, ലോകം മുഴുവനും ഒരു ബട്ടണിൽ  ചുട്ടു ചാന്പലാക്കാൻ കഴിവുള്ള അണുവായുധങ്ങളുള്ള  മഹാനായ മനുഷ്യനെ ഈ നൂറ്റാണ്ടിലും ഒരു കുഞ്ഞൻവൈറസ് ലോകത്തെ ആകമാനം പേടിപ്പിക്കുകയാണ്.  എന്തൊരു വിരോധാഭാസം അല്ലേ?

ഇത്രയും ശാസ്ത്ര പുരോഗമനമുണ്ടായിട്ടും  നഗ്നനേത്രങ്ങൾക്ക് കാണുവാൻപോലുമില്ലാത്ത ഒരു കുഞ്ഞനെ, ഒരു വൈറസ്സിനെ തുരത്താൻ ലോകം മുഴുവൻ പ്രയത്നിക്കുന്നു. രാജ്യങ്ങൾ രാജ്യാന്തര യാത്രാമാർഗ്ഗങ്ങൾ നിർത്തി വയ്ക്കുന്നു, ആരാധനാലയങ്ങൾ അടച്ചിടുന്നു. ജോലി വീട്ടിലിരുന്നു ചെയ്യാൻ ഉത്തരവിടുന്നു. വിദ്യാഭ്യാസം വീട്ടിലാക്കി. മനുഷ്യൻ തമ്മിൽ കാണേണ്ട എന്നാക്കി . ചുരുക്കം പറഞ്ഞാൽ വീട്ടു തടങ്കലിൽ തന്നെ. ഒന്നു പതറുന്നുണ്ടെങ്കിലും ഇതൊരു തിരിച്ചറിവാണ്. മനുഷ്യന്റെ ജീവിതം ഒന്നല്ലങ്കിൽ മറ്റൊരുവിധത്തിൽ എത്രമാത്രം പരസ്പരാശ്രിതമായിരുന്നുവെന്ന്, എത്രയോ ആഡംബരമായിരുന്നു നമ്മുടെ ജീവിതമെന്ന്. ആവശ്യ അനാവശ്യ വസ്തുക്കളുടെ സമൃദ്ധി, യാത്രാ സ്വാതന്ത്ര്യം , ആരോഗ്യം. ഇതൊക്കെ നമ്മുടെ അവകാശമെന്നപോലെ ഇഷ്ടംപോലെ നാം ഉപയോഗിച്ചു. ഈ ഇടവേള നമ്മെ പഠിപ്പിക്കുകയാണ് സ്വയം നഷ്ടപ്പെടുത്തിയുള്ള  ഈ പ്രയാണം വെറുതേയായിരുന്നുവെന്ന്. ഈ ലോകം പരസ്പരബന്ധിതമാണന്ന്.

ഇന്ന് പുതിയ ഫാഷനിലുള്ള  തുണികൾ വേണ്ട. വീട്ടിലല്ലേ, ആരേ കാണിക്കാൻ. ഒന്നോ രണ്ടോ മതിയാകും. അപ്പോൾ അലമാരയിലെ എണ്ണമറ്റ തുണികളോ? പലതരം ചെരുപ്പുകൾ, ബാഗുകൾ, ആഭരണങ്ങൾ, വില കൂടിയ സൗന്ദര്യ വസ്തുക്കൾ. ? എല്ലാം തല്ക്കാലം ഉപയോഗ ശൂന്യം. ഹൊ എന്നാണിനി ഇവയൊക്കെ അണിഞ്ഞൊരുങ്ങി ഒന്നു  പുറത്തിറങ്ങുക. കൊറോണ കനിയണം. എല്ലാം ആ കുഞ്ഞൻ വൈറസിന്റെ കൈയ്യിൽ. അവനെന്നാണോ ഇറങ്ങി പോവുക. ആരാണോ തുരത്തുക ഒരു പിടിയും ഇല്ല. പുറത്തു നിന്നും ഭക്ഷണം ആഴ്ചയിൽ ഒന്നെങ്കിലും നിർബന്ധമായിരുന്നു. വീട്ടിലെ ഭക്ഷണം എന്നും എങ്ങനയാണു കഴിക്കുന്നതു അല്ലേ? പക്ഷേ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കേണ്ടേ? വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുവാൻ സാധനങ്ങൾ കിട്ടിയാൽ തന്നെ ഭാഗ്യം. അതും എത്രനാൾ? ചിക്കനും , പോത്തുമൊക്കെ എത്രകാലം കിട്ടും? കടയടവ് ,അതിർത്തിയടവ് , കയറ്റുമതി, ഇറക്കുമതി ഒന്നും ഇല്ല. ഇങ്ങനെ എത്രനാൾ ജീവിതം മുന്നോട്ടു പോകും. ചെറിയ ഭയം മനുഷ്യനു തോന്നിതുടങ്ങിയിരിക്കുന്നു. ഇനി ആഹാരത്തിലും സ്വയം പര്യാപ്തത വേണ്ടി വരും. ഇനിയെങ്കിലും തുടങ്ങാം അല്ലേ?. 

പണ്ട് എന്തെങ്കിലും പ്രശ്നമുണ്ടേൽ കണിയാരേയോ, മെത്രാനെയോ,  മൗലവിയേയോ ഒന്നു കണ്ടാൽ മതിയാരുന്നു. ഒക്കെ ശരിയാക്കിത്തരുമായിരുന്നു. ഇപ്പോൾ ഇവരാരും തന്നെ മനുഷ്യരെയാരേയും അടുപ്പിക്കുന്നില്ലപോലും. എല്ലാ രോഗത്തിനും പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായിരുന്ന ഇവർക്കിതെന്തു പറ്റി? ആശ്ചര്യം അവിശ്വസനീയം. അപ്പോൾ മനുഷ്യരെല്ലാം ഒന്നു തന്നെയാണ്. ആർക്കും അമാനുഷികത്വങ്ങൾ ഇല്ല. എല്ലാം ഒരു മറ. ആ മറ നീക്കാൻ മനുഷ്യനു വകതിരിവിനായി ദൈവത്തിനൊരു വൈറസ്സിനെ ഭൂമിയിൽ അയക്കേണ്ടിവന്നു. ചിലർ മനുഷ്യ നിർമ്മിതമെന്നു പറയുന്നു, മന: പൂർവ്വം അയച്ചതന്നു വിശകലനം ചെയ്യുന്നു. എന്തിരുന്നാലും ഇങ്ങനെ കാര്യം കൈവിട്ടു പോകുമെന്നു ഇതുണ്ടാക്കിയതെങ്കിൽ അവർ പോലും കരുതിക്കാണില്ല. പോം വഴിയില്ലാതെ, ചികിത്സ നിശ്ചയമില്ലങ്കിലും മനുഷ്യനേതൃത്വങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നു തടയാൻ, മനുഷ്യൻ തളരാതെ താങ്ങായിനിന്ന് അതിജീവിക്കുവാൻ പ്രേരിപ്പിക്കുകയാണ്. 

ഡാർവ്വിന്റെ സിദ്ധാന്തം ഓർമ്മ വരികയാണ്. സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്, അഥവാ അർഹതയുള്ളതിന്റെ അതിജീവനം. അതു പ്രകൃതിയുടെ തീരുമാനമാണ്. കാലാകാലങ്ങളിൽ പ്രകൃതി അതു തെളിയിച്ചിട്ടുമുണ്ട്. ആയതിനാൽ ഈ നാഴികയും നീങ്ങും, ഈ സമയവും മാറും. മുന്നേറുവാൻ യോഗ്യത തെളിയിച്ചവരെ പ്രകൃതി നിലനിർത്തും. ഇത് പ്രകൃതി മനുഷ്യനെ പഠിപ്പിക്കുന്നതാണ്. ഞാൻ ഒന്നു കോപിച്ചാൽ നീ നിസ്സഹായനാണ്. പണമോ പ്രതാപമോ, വിദ്യാഭ്യാസമോ, പദവിയോ , രാഷ്ട്രീയമോ ഒന്നും എനിക്ക് ബാധകമല്ല. എന്നോടുള്ള അതിജീവന പദ്ധതികളിൽ മനുഷ്യനെല്ലാം സമം. നിങ്ങൾക്കിടയിൽ നിങ്ങൾക്കെട്ടിയ വേലികൾ അതിജീവനത്തിന്റെ പ്രയാണത്തിൽ നിങ്ങൾ തന്നെ പൊളിച്ചു മാറ്റുന്നു. മനുഷ്യൻ സാമൂഹിക ജീവിയാണന്ന് മറന്നു പോയിരുന്നു എങ്കിലും സാഹചര്യം നിങ്ങളെ ഓർമമപ്പെടുത്തുന്നു. ഇതല്ലെ  ഞാനാഗ്രഹിച്ചതും? നിങ്ങൾ മലിനമാക്കി വിഷമയമായി മാറ്റിയ എന്റെ അന്ത:രീക്ഷം കുറേ അധികം വർഷങ്ങൾക്കു ശേഷം ഇപ്പോൾ വളരെ ശാന്തം, സ്വച്ഛം.  ആകാശത്ത് വിമാനങ്ങൾ  നന്നേ കുറവ് , യാത്രാക്കപ്പലുകൾ കുറഞ്ഞതുകാരണം ജലമലിനീകരണം കുറഞ്ഞു. നിരത്തുകളിൽ വാഹനങ്ങൾ എണ്ണപ്പെട്ടു. അത്യാവശ്യത്തിനു മാത്രം മനുഷ്യൻ പുറത്തിറങ്ങിത്തുടങ്ങി. ഹൊ നിങ്ങൾ നൽകിയ മലിനീകരണത്തിന് ഒരൽപം ശാന്തി കിട്ടിയല്ലോ എന്നു ദീർഘനിശ്വാസത്തിൽ ഭൂമി ചിരിക്കുന്നു. ഒക്കെ എന്റെ  ഔദാര്യമായിരുന്നു എന്നവിധം. എങ്കിലും ഭൂമി അമ്മയാണ്. ഒന്നു കോപിച്ചാലും പെട്ടന്ന് മക്കളോടു പൊറുക്കുന്ന അമ്മ. ശാസനയും ശിക്ഷയും അമ്മ മക്കൾക്കു നൽകുന്നത് തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കുവാനാണ്. ഇതും ആ അമ്മ പൊറുക്കും ഉറപ്പ്. 

ഭൂമിദേവി അല്ലായെങ്കിൽ പ്രപഞ്ച ശക്തി നമ്മളെ ഈ കാലത്തിലൂടെ പറഞ്ഞ് മനസ്സിലാക്കിക്കുവാൻ ശ്രമിക്കുന്നത് ചിലപ്പോൾ ഇതാവാം.

 

ഡോ. മെബി സുദീപ്, drmebysudeep@gmail.com

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed