യുഎഇയിൽ‍ നിന്നെത്തുന്നവരുടെ ക്വാറന്‍റൈൻ ഒഴിവാക്കി മുംബൈ


യുഎഇയിൽ‍ നിന്നെത്തുന്നവർ‍ക്ക് ക്വാറന്റൈൻ‍ ഒഴിവാക്കി മുംബൈ. ഗ്രേറ്റർ‍ മുംബൈ മുനിസിപ്പൽ‍ കോർ‍പറേഷൻ‍ പുറത്തിറക്കിയ സർ‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ദിവസത്തെ ക്വാറന്റൈനിൽ‍ നിന്നാണ് യുഎഇയിൽ‍ നിന്നെത്തുന്നവരെ ഒഴിവാക്കിയത്. 

ദുബായ് ഉൾ‍പ്പെടെയുള്ള യുഎഇ നഗരങ്ങളിൽ‍ നിന്നെത്തുന്ന യാത്രക്കാർ‍ക്ക് ക്വാറന്‍റൈനോ ആർ‍ടി പിസിആർ‍ പരിശോധനയോ ആവശ്യമില്ലെന്ന് സർ‍ക്കുലറിൽ‍ പറയുന്നു. അതേസമയം, കേന്ദ്ര സർ‍ക്കാരിന്റെ കൊവിഡ് മാർ‍ഗനിർ‍ദേശങ്ങൾ‍ യാത്രക്കാർ‍ക്ക് ബാധകമായിരിക്കും.

കേന്ദ്ര സർ‍ക്കാർ‍ നിർ‍ദേശം അനുസരിച്ച്, കഴിഞ്ഞയാഴ്ച മുതലാണ് കേരളത്തിലും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിർ‍ബന്ധമാക്കിയത്. പ്രവാസികളുടെ ഭാഗത്ത് നിന്ന് ഈ നിബന്ധന പിൻ‍വലിക്കണമെന്ന ആവശ്യം വ്യാപകമാണെങ്കിലും അതിൽ‍ മാറ്റം വന്നിട്ടില്ല. ക്വാറന്റൈൻ വിഷയത്തിൽ‍ അതാത് സംസ്ഥാനങ്ങൾ‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് കഴിഞ്ഞ വർ‍ഷം ഇറക്കിയ സർ‍ക്കുലറിൽ‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ‍, പുതിയ സർ‍ക്കുലറിൽ‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

യുഎഇയിൽ‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം പേർ‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ‍ 42,789 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed