സൗദിക്ക് നേരെയുള്ള ഭീഷണി തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി പോലെ കണക്കാക്കും; യുഎഇ


അബുദാബി: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രണ ശ്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. അന്താരാഷ്‍ട്ര സമൂഹത്തെയും അന്താരാഷ്‍ട്ര നിയമങ്ങളെയും വകവെയ്‍ക്കുന്നില്ലെന്നാണ് നിരന്തരമുള്ള ഭീകരാക്രമണങ്ങളിലൂടെ ഹൂതികള്‍ വ്യക്തമാക്കുന്നതെന്ന് യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ അന്താരാഷ്‍ട്ര സമൂഹം നിലപാടെടുക്കണം. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൗദി അറേബ്യക്ക് യുഎഇയുടെ പിന്തുണയും വാഗ്ദാനം ചെയ്‍തു. സൗദി അറേബ്യയുടെയും യുഎഇയുടെയും സുരക്ഷ പരസ്‍പരം വേര്‍തിരിച്ച് നിര്‍ത്താവുന്നതല്ല. സൗദിക്ക് നേരെയുണ്ടാകുന്ന ഏത് ഭീഷണിയും യുഎഇയിക്ക് നേരെയുള്ള ഭീഷണികളായിത്തന്നെ കണക്കാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ചയാണ് സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അപരിഷ്‌കൃതമാണെന്ന് അറബ് സഖ്യസേന പറഞ്ഞു. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed