ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്കും ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കി യുഎഇ


അബുദാബി: ഇന്ത്യ ഉള്‍പ്പെടെ യുഎഇ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും കര്‍ശന സുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പുതിയ സര്‍ക്കുലര്‍ പ്രകാരം യുഎഇയിലെത്തുന്ന എല്ലാവരും എല്ലാവരും പ്രത്യേക ട്രാക്കിങ് ഉപകരണം (റിസ്റ്റ് ബാന്‍ഡ്) പത്ത് ദിവസമെങ്കിലും ധരിക്കണം. ഇപ്പോഴത്തെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും യുഎഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും സാഹചര്യം നിരീക്ഷിച്ച് ആവശ്യമെങ്കിലും കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യ, ബംഗ്ലാദേശ്, കോംഗോ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പുതിയ നിബന്ധനകള്‍ ബാധകം. നേരത്തെ അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമായിരുന്നു റിസ്റ്റ് ബാന്‍ഡ് ധരിക്കേണ്ടി വന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. പുതിയ നിബന്ധനയോടെ ദുബൈ ഉള്‍പ്പെടെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്കും ഇത് ബാധകമാണ്.
ട്രാക്കിങ് ഉപകരണം ധരിക്കുന്നതിന് പുറമെ യുഎഇയിലെത്തിയ ഉടനെയും നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിയന്ത്രണമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ കഴിയണമെന്നും യുഎയിലെ പൊതു സമൂഹവുമായി ബന്ധപ്പെടരുതെന്നും അറിയിച്ചിട്ടുണ്ട്.
യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ അനുമതികളും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് അഞ്ച് ദിവസം മുമ്പെങ്കിലും വിവരം അതോരിറ്റിയെ അറിയിച്ചിരിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed