ടെൻ മില്യൺ മീൽസ് പദ്ധതി സന്പൂർണ വിജയം


ദുബൈ: കോവിഡ് കാല ദുരിതങ്ങളിൽപ്പെട്ട് ആരും പട്ടിണിയാകരുത് എന്ന ലക്ഷ്യവുമായി സാധാരണക്കാർക്ക് അന്നമെത്തിക്കുന്ന ടെൻ മില്യൺ മീൽസ് (ഒരു കോടി അന്നദാനം) പദ്ധതി വിജയകരമായി സമാപിച്ചു. ഒരു കോടി പേർക്കാണ് ലക്ഷ്യമിട്ടതെങ്കിലും ഒന്നരക്കോടി ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ കഴിഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനമനുസരിച്ച് ഏപ്രിലിലാണു പദ്ധതി തുടങ്ങിയത്.

കോവിഡ് കാലത്ത് മനുഷ്യത്വത്തിന്റെ പ്രായോഗിക വശമാണ് ഒരു കോടി അന്നദാന പദ്ധതിയിലൂടെ നടപ്പാക്കാൻ കഴിഞ്ഞതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നിയും ബോർഡ് ഓഫ് ട്രസ്റ്റീസ് ഓഫ് യുഎഇ ഫുഡ് ബാങ്ക് അധ്യക്ഷയുമായ ഷെയ്ഖ് ഹിൻത് ബിൻത് മക്തൂം ബിൻ ജുമ അൽ മക്തൂം പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷണവിതരണ പദ്ധതിക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രചാരണം ആരംഭിച്ച് ആദ്യ ആഴ്ചകളിൽത്തന്നെ ലക്ഷ്യം കടന്നത് യുഎഇ സമൂഹത്തിന്റെ കെട്ടുറപ്പിനെയാണ് കാണിക്കുന്നതെന്നും ഷെയ്ഖ ഹിൻത് ബിൻത് മക്തൂം വ്യക്തമാക്കി. 115 രാജ്യക്കാർ പദ്ധതിയിൽ സഹകരിച്ചത് സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും കഴിയുന്ന യുഎഇ ജനതയുടെ നാനാത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഷെയ്ഖ ചൂണ്ടിക്കാട്ടി. 18നും 53നും ഇടയിൽ പ്രായമുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരാണ് പദ്ധതിയിൽ പങ്കെടുത്തത്. ദുബായ് മുനിസിപ്പാലിറ്റിയുടെ യുവർ സിറ്റി നീഡ്സ് യുവർ ഇനിഷ്യേറ്റീവ്, വൊളന്റിയേഴ്സ്, സിഡിഎ, ഹോപ് മേക്കേഴ്സ് ഡവലപ്മെന്റ് പ്രോഗ്രാം എന്നിവയിലൂടെയാണ് ഇത്രയും സന്നദ്ധപ്രവർത്തകർ പദ്ധതിയുടെ ഭാഗമായത്.


ഓൺലൈൻ സംഭാവനകളിലൂടെ 14 ലക്ഷം ഭക്ഷണപ്പൊതികൾ നൽകാനായി. എസ്എംഎസ് സംഭാവനകളിലൂടെ 7,71,535 ഭക്ഷണപ്പൊതികളും കാൾ സെന്റർ വഴിയും മറ്റുമുള്ള സംഭാവനകളിലൂടെ 7,26,392 ഭക്ഷണപ്പൊതികളും നൽകാനായി. കമ്പനികളും സംരംഭകരും വഴി 57 ലക്ഷം പേർക്കും സാമൂഹിക സംഘടനകൾ വഴി 68 ലക്ഷം പേർക്കും ഭക്ഷണം നൽകി. സംഭാവനകൾക്ക് നേതൃത്വം നൽകി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് അറുപത് കോടിയോളം രൂപയാണ് സംഭാവന ചെയ്തത്. ഇതിലൂടെ 36 ലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകാനായി. ഏറ്റവും പൊക്കമുള്ള സംഭാവനപ്പെട്ടി ഖലീഫയിലെ ഒരോ എൽഇഡി വിളക്കും പത്തുദിർഹം സംഭാവന നൽകി ‘ലോകത്തിലെ ഏറ്റവും ഉയരമുള്ള സംഭാവനപ്പെട്ടി’യും ഇതിന്റെ ഭാഗമായി ഒരുക്കി. ഇതുവഴി 12 ലക്ഷം പേർക്ക് അന്നദാനം നടത്താനും കഴിഞ്ഞു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവും(എംബിആർജിഐ)സോഷ്യൽ സോളിഡാരിറ്റി ഫണ്ടും സഹകരിച്ചു നടത്തിയ പദ്ധതിയിൽ 115 രാജ്യങ്ങളിലെ പൗരന്മാരും സ്ഥാപനങ്ങളുമായി 1,10000 പേർ സംഭാവനകൾ നൽകി. ആയിരം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed