ഈഗോ മാറ്റിവെച്ച് യുവതാരങ്ങൾ‍ക്ക് കീഴിൽ‍ കളിക്കാൻ കോഹ്‌ലി തയ്യാറാകണമെന്ന് കപിൽ‍ ദേവ്


ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം കപിൽ‍ ദേവ്. താരത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഈഗോ മാറ്റിവെച്ച് യുവതാരങ്ങൾ‍ക്ക് കീഴിൽ‍ കളിക്കാൻ‍ കോഹ്‌ലി എല്ലാ രീതിയിലും തയാറാകേണ്ടതുണ്ടെന്നും കപിൽ‍ ദേവ് പറഞ്ഞു.

“ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള കോഹ്‌ലിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ടി20 നായകസ്ഥാനം ഒഴിഞ്ഞത് മുതൽ‍ പ്രയാസമുള്ള സാഹചര്യത്തിലൂടെയാണ് അവൻ കടന്ന് പോകുന്നത്. സമീപകാലത്തായി വളരെ സമ്മർ‍ദ്ദത്തോടെയാണ് അവനെ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ നായകസ്ഥാനം ഒഴിയുന്നത് സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള വഴി തുറക്കുന്നു. അതാണ് അവൻ‍ തിരഞ്ഞെടുത്തത്.

വളരെ പക്വതയുള്ള ആളാണ് കോഹ്‌ലി. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുന്പ് അവൻ വളരെ ആലോചിച്ചിരിക്കും. ഇപ്പോൾ‍ അവന് നായകസ്ഥാനം ആസ്വദിക്കാൻ‍ കഴിയുന്നില്ലായിരിക്കും. നമ്മൾ‍ അവന്റെ തീരുമാനത്തെ ബഹുമാനിക്കുകയും ആശംസകൾ‍ നേരുകയുമാണ് ചെയ്യേണ്ടത്.

സാക്ഷാൽ‍ സുനിൽ‍ ഗാവസ്‌കർ‍ എനിക്കു കീഴിൽ‍ കളിച്ചിട്ടുണ്ട്. ഞാൻ കെ. ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴിൽ‍ കളിച്ചു. എനിക്ക് യാതൊരുവിധ ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴിൽ‍ കളിക്കാൻ തയാറാകേണ്ടിവരും. അത് അദ്ദേഹത്തെയും ഇന്ത്യൻ ക്രിക്കറ്റിനെയും സഹായിക്കുകയേ ഉള്ളൂ. പുതിയ ക്യാപ്റ്റനും താരങ്ങൾ‍ക്കും മാർ‍ഗനിർ‍ദ്ദേശം നൽ‍കി നയിക്കാൻ വിരാട് ഉണ്ടാകണം. വിരാട് കോഹ്‌ലിയെന്ന ബാറ്റ്സ്മാനെ നഷ്ടമാക്കാൻ നമുക്കു കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട.” കപിൽ‍ ദേവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed