സൗദിയിൽ അനധികൃത താമസക്കാരായ വിദേശികളുടെ മക്കൾക്കും സകൂളുകളിൽ പ്രവേശനം


തൊഴിൽ താമസ രേഖകളില്ലാതെ സൗദിയിൽ കഴിയുന്ന വിദേശികളുടെ മക്കൾക്കും പുതിയ അധ്യയന വർഷം മുതൽ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നൽകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും സ്‌കൂൾ പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകൾ നൽകണമെന്ന് മന്ത്രാലയം സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി. സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോമുകൾ രക്ഷിതാക്കൾ അവരവർ താമസിക്കുന്ന പ്രവശ്യകളിലെ ഗവർണറേറ്റുകളുമായി ബന്ധപ്പെട്ട് സാക്ഷ്യപ്പെടുത്തണം. ഗവർണറേറ്റുകളിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന അപേക്ഷ ഫോമിനോടൊപ്പം, മാതാപിതാക്കളുടെയും കുട്ടികളുടേയും പേര് വിവരങ്ങൾ, മേൽവിലാസം, ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയവും സ്‌കൂളിൽ സമർപ്പിക്കണം.

പാസ്‌പോർട്ട്, ഇഖാമ, സന്ദർശക വിസകൾ, തുടങ്ങിയ രേഖകൾ പ്രകാരമുള്ള വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കൂടാതെ ഈ അധ്യായന വർഷത്തിൽ തന്നെ താമസ രേഖകൾ ശരിപ്പെടുത്തുമെന്നുള്ള പ്രതിജ്ഞപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഇങ്ങിനെ പ്രവേശനം നേടുന്ന കുട്ടികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഓരോ മാസവും വിദ്യാഭ്യാസ ഡയരക്ടറേറ്റിന് കൈമാറണമെന്നും മന്ത്രാലയം സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി. വിവിധ കാരണങ്ങളാൽ താമസ രേഖകളും മറ്റും കാലഹരണപ്പെട്ട് പോയ മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed