ഈത്തപ്പഴ കയറ്റുമതിയില്‍ മുന്നേറി സൗദി അറേബ്യ: കയറ്റുമതി മൂല്യം 1.2 ബില്യണ്‍ റിയാല്‍


ഈത്തപ്പഴ കയറ്റുമതിയില്‍ ആഗോളതലത്തില്‍ മുന്നേറി സൗദി അറേബ്യ. ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററിന്റെ 'ട്രേഡ് മാപ്പ്' അനുസരിച്ച്‌ 2021 ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി.

2021 ല്‍ സൗദി ഈത്തപ്പഴ വിപണി 1.2 ബില്യണ്‍ റിയാല്‍ മൂല്യം രേഖപ്പെടുത്തി ട്രേഡ് മാപ്പ് റാങ്കു നേടാന്‍ കഴിഞ്ഞത് വന്‍ മുന്നേറ്റമായി വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം121.5 കോടി റിയാലിന്റെ ഈത്തപ്പഴമാണ് സൗദി 113 വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കയറ്റുമതിയുടെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച നിരക്ക് 12.5% ആയതായി അധികൃതര്‍ അറിയിച്ചു.

ഈ നേട്ടത്തിനും ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നതില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടിയതിനും യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യയെ അഭിനന്ദിച്ചു. എണ്ണ ഇതര കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഈന്തപ്പനകളുടെ നടീലിലും ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിലും തൊഴില്‍ സമ്ബ്രദായം വികസിപ്പിച്ചെടുക്കുന്നതിലും രാജ്യം കൈവരിച്ച നേട്ടത്തിന്റെ ഫലമാണിതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ് സ് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഈന്തപ്പന കൃഷിയിലും അവയുടെ വൈവിധ്യമാര്‍ന്ന വിപണന രീതികള്‍ക്കും കയറ്റുമതി സംവിധാനങ്ങള്‍ക്കും രംഗത്തു വന്ന എല്ലാവരെയും അതോറിറ്റി അഭിനന്ദിച്ചു.

സൗദിയുടെ സമ്ബൂര്‍ണ വികസന പദ്ധതിയായ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ് വികസനവും സുസ്ഥിരതയും വഴി ഈത്തപ്പഴ മേഖല വികസിപ്പിക്കുക എന്നത്. ഈ മേഖലയില്‍ ഉണ്ടായ മഹത്തായ നേട്ടം രാജ്യത്തെ കാര്‍ഷിക മേഖലയില്‍ കൈവരിച്ച മികവ് പ്രകടമാക്കുന്നതാണ്. രാജ്യത്തെ ഈന്തപ്പനകളുടെയും ഈത്തപ്പഴങ്ങളുടെയും മൂല്യം ഏകദേശം 7.5 ബില്യണ്‍ റിയാലിലെത്തിയതായി അതോറിറ്റി വിലയിരുത്തുന്നു.

കാര്‍ഷിക മൊത്ത ഉല്‍പന്നത്തിന്റെ 12 ശതമാനവും എണ്ണ ഇതര മൊത്ത ഉല്‍പന്നത്തിന്റെ 0.4 ശതമാനവും.ഈത്തപ്പഴ വിപണിയിലൂടെയാണ്. രാജ്യത്തെ ഏകദേശം ഈന്തപ്പനകളുടെ എണ്ണം 33 ദശലക്ഷത്തിലെത്തിയതായും കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി.ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed