ഹൂതി ഭീകരാക്രമണം; ഒരുമിച്ച് പോരാടുമെന്ന് സൗദിയും യുഎഇയും


സൗദിയിലും അബുദാബിയിലുമായി ഹൂതി വിമതർ‍ ഇന്നലെ നടത്തിയ ഭീകരാക്രമണങ്ങൾ‍ക്കെതിരെ തുറന്നടിച്ച് സൗദിയും യുഎഇയും. ആക്രമണങ്ങളെ തുടർ‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻ‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ‍ നഹ്യാനുമായി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽ‍മാൻ രാജകുമാരൻ‍ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഹൂതികൾ‍ക്കെതിരേ ഇരു രാജ്യങ്ങളും തുറന്നടിച്ചത്. സൗദിയിലും അബുദാബിയിലും ഇന്നലെ ഹൂതി വിമതർ‍ പരസ്യമായ ഭീകരാക്രമണമാണ് നടത്തിയതെന്ന് സൗദി കിരീടവകാശി അപലപിച്ചു. രണ്ട് ഇന്ത്യക്കാരുൾ‍പ്പെടെ യുഎഇയിൽ‍ മൂന്ന് സാധാരണക്കാരാണ് ഇന്നലത്തെ ആക്രമണത്തിൽ‍ മരിച്ചത്. മരിച്ചവർ‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അബുദാബി കിരീടാവകാശി, പരിക്കേറ്റവർ‍ വേഗത്തിൽ‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 

സൗദിയേയും യുഎഇയേയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരപ്രവർ‍ത്തനങ്ങൾ‍ ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയം വർ‍ധിപ്പിക്കാനെ ഉപകരിക്കുകയൊള്ളുവെന്നും തിന്മയുടെ ശക്തികൾ‍ നടത്തുന്ന ഇത്തരം ഭീകരപ്രവർ‍ത്തനങ്ങളെ തുടർ‍ന്നും ശക്തമായി തന്നെ നേരിടുമെന്നും ഇരുനേതാക്കളും ആവർ‍ത്തിച്ച് പറഞ്ഞു. ഹൂത്തികൾ‍ യെമനിൽ‍ നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. യെമനിലെ സാധാരണ ജനതയെ കൊന്നൊടുക്കുാനും, മേഖലയെ അസ്ഥിരപ്പെടുത്താനുമാണ് ഹൂതികൾ‍ തങ്ങളുടെ തീവ്രവാദ പ്രവർ‍ത്തനങ്ങൾ‍ വ്യാപിപ്പിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനങ്ങൾ‍ക്കെതിരെ ലോകരാഷ്ട്രങ്ങൾ‍ ഒറ്റക്കെട്ടായി നിൽ‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ആക്രമണങ്ങൾ‍ സൂചിപ്പിക്കുന്നത്. പ്രാദേശികവും അന്തർ‍ദ്ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഇത്തരം തീവ്രവാദ കുറ്റകൃത്യങ്ങളെ ശക്തമായി എതിർ‍ക്കുന്നതായും അപലപിക്കുന്നതായും ഇരുവരും പറഞ്ഞു. 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽ‍മാന്റെ ആത്മാർ‍ത്ഥ പിന്തുണയ്ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ‍ നഹ്യാന്‍ നന്ദി രേഖപ്പെടുത്തി. ഇത് ഇരു രാജ്യങ്ങളെയും ജനങ്ങളെയും ഒന്നിപ്പിക്കുകയാണെന്നും ഭീകരതയ്ക്കും ഭീഷണികൾ‍ക്കുമെതിരെ ഐക്യത്തോടെ പോരാടാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. അതേ സമയം, അബുദാബി ആക്രമണത്തിന് പിന്നാലെ ഇന്നലെ തന്നെ സൗദി സഖ്യസേന സനയിലെ ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾ‍ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. വ്യോമസേന 24 മണിക്കൂറും വ്യോമാക്രമണം തുടരുമെന്ന് സഖ്യസേന അറിയിച്ചു. അതിനാൽ‍ സാധാരണക്കാർ‍ സ്വന്തം സുരക്ഷയ്ക്കായി ഹൂതി ക്യാന്പുകളിൽ‍ നിന്ന് വിട്ടുനിൽ‍ക്കണമെന്ന് സഖ്യസേന ആവശ്യപ്പെട്ടു. ഉപയോഗത്തിലുണ്ടായിരുന്ന ഹൂത്തികളുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ‍ ലോഞ്ചറുകളാണ് സഖ്യം ഇന്നലെ നശിപ്പിച്ചത്. കൂടാതെ സൗദിയെ ലക്ഷ്യമിട്ട് ഹൂതികൾ‍ അയച്ച എട്ട് ബോംബ് ഡ്രോണുകളെയും തകർ‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. അറബ് രാഷ്ട്രങ്ങൾ‍ക്ക് പുറമേ, ബ്രിട്ടണും അമേരിക്കയും ഫ്രാൻസുമടക്കം നിരവധി ലോക രാഷ്ട്രങ്ങളാണ് ഹൂതി ആക്രമണത്തെ അപലപിച്ച് ഇതിനകം രംഗത്തുവന്നിട്ടുള്ളത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed