സൗദിയിലെ ചേംബർ‍ ഓഫ് കൊമേഴ്‌സ് ഡയറക്ടർ‍ ബോർ‍ഡിലേക്ക് ഇനി പ്രവാസികൾ‍ക്കും മത്സരിക്കാം


റിയാദ്: സൗദിയിലെ ചേംബർ‍ ഓഫ് കൊമേഴ്‌സ് ഡയറക്ടർ‍ ബോർ‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ‍ പ്രവാസികൾ‍ക്കും മത്സരിക്കാൻ അവസരം. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് അറിയിച്ചിതാണിത്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് നിയമത്തിൽ‍ ഉൾ‍പ്പെടുത്തിയതായും അധികൃതർ‍ വ്യക്തമാക്കി. സൗദി ചരിത്രത്തിൽ‍ ആദ്യമായാണ് വിദേശ നിക്ഷേപകർ‍ക്ക് ചേംബർ‍ ഓഫ് കൊമേഴ്‌സ് ഡയറക്ടർ‍ ബോർ‍ഡിൽ‍ അംഗത്വം നൽ‍കുന്നത്.

പുതിയ നിയമ ഭേദഗതിയിലൂടെ ഡയറക്ടർ‍ ബോർ‍ഡിലേക്ക് അംഗത്വത്തിനുള്ള നിബന്ധനകളിൽ‍ നിന്ന് സൗദി പൗരനായിരിക്കണം എന്നത് ഒഴിവാക്കി. എന്നാൽ‍ പ്രവാസികൾ‍ക്ക് തുടർ‍ച്ചയായി രണ്ട് തവണ മാത്രമേ അംഗങ്ങളാകാവൂ എന്ന നിബന്ധനയുണ്ട്.

ഈ മേഖലയിൽ‍ 10 വർ‍ഷത്തെ പരിചയമുള്ള പ്രവാസികൾ‍ക്കാണ് മത്‍സരിക്കാൻ അനുമതി. ഡിഗ്രി യോഗ്യതയുള്ളവരാണെങ്കിൽ‍ അഞ്ചു വർ‍ഷത്തെ എക്‌സ്പീരിയൻസ് മതിയാവും. കൊമേഴ്‌സ്, ബിസിനസ് തുടങ്ങിയ വിഷയങ്ങളിൽ‍ ബിരുദമുള്ളവരാണെങ്കിൽ‍ 25 വയസ്സ് മുതൽ‍ മത്‍സരിക്കാം. അല്ലാത്തവർ‍ക്ക് മത്‍സരിക്കാനുള്ള കുറഞ്ഞ പ്രായം 30 വയസ്സാണ്.

ഒരേ സമയം ബന്ധുക്കൾ‍ ബോർ‍ഡിലേക്ക് മത്‍സരിക്കരുതെന്നും നിബന്ധനയുണ്ട്. നേരത്തെ ഇങ്ങനെ ഒരു നിബന്ധന ഉണ്ടായിരുന്നില്ല. വോട്ടെടുപ്പിന് ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിനും പുതിയ നിയമ ഭേദഗതി അനുമതി നൽകുന്നുണ്ട്. കൗൺസിൽ ഓഫ് സൗദി ചേംബേഴ്സ് എന്ന പേർ മാറ്റി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് എന്നാക്കി മാറ്റിയതായും അധികൃതർ അറിയിച്ചു. പുതുതായി ചേംബറിൽ രജിസ്റ്റർ ചെയ്യുന്ന കന്പനികൾക്കും സ്ഥാപനങ്ങൾക്കും മൂന്ന് വർഷത്തേക്ക് ഫീസ് ഇളവ് നൽകാനും പുതിയ നിയമത്തിൽ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed