ഇക്കുറിയും തദ്ദേശീയർ‍ക്ക് മാത്രം ഹജ്ജിന് അനുമതി നൽകി സൗദി


റിയാദ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണം ഏർ‍പ്പെടുത്തിയ പശ്ചാത്തലത്തിൽ‍ ഇന്ത്യയിൽ‍ നിന്ന് ഇത്തവണയും ആരും ഹജ്ജിന് പോകില്ല. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായവരെയാണ് ഹജ്ജിന് തെരഞ്ഞെടുക്കുക. വളരെ പരിമിതമായ ആളുകൾ‍ക്ക് മാത്രമാകും ഇത്തവണ അവസരം നൽ‍കുക.

കഴിഞ്ഞ വർ‍ഷവും സൗദിയിൽ‍ താമസിക്കുന്ന കുറച്ച് പേർ‍ക്കാണ് അവസരം നൽ‍കിയിരുന്നത്. വിദേശികൾ‍ ഹജ്ജിനായി സൗദിയിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽ‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി ഭരണകൂടം കടുത്ത തീരുമാനം എടുത്തത്. സൗദിയുടെ തീരുമാനം കണക്കിലെടുത്താണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളും റദ്ദാക്കിയത്. ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. മഖ്‌സൂദ് അഹമ്മദ് ഖാൻ ആണ് ഇക്കാര്യം പ്രസ്താവനയിൽ‍ അറിയിച്ചത്.

തുടർച്ചയായ രണ്ടാം വർഷമാണ് സൗദി അറേബ്യ രാജ്യത്തിനകത്തെ ആളുകൾക്ക് ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആയിരം തീർത്ഥാടകർക്ക് മാത്രമാണ് ഹജ്ജ് നടത്താൻ അനുമതിയുണ്ടായിരുന്നത്. ഇത്തവണയും സമാനമായ രീതിയിൽ‍ തന്നെയാകും ഹജ്ജ് എന്നാണ് സൂചനകൾ‍. ആഗോളതലത്തിൽ‍ കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. പലരാജ്യങ്ങളിലും രോഗം ആശങ്കയായി നിലനിൽ‍ക്കുന്നു. ഈ വേളയിൽ‍ വിവിധ രാജ്യങ്ങളിൽ‍ നിന്നുള്ളവരുട ഒത്തുചേരൽ‍ സാധ്യമല്ല എന്നാണ് സൗദിയുടെ വിലയിരുത്തൽ‍.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed