ഇത് സീമ ധാക്ക; കാണാതായ 76 കുട്ടികളെ മൂന്നു മാസം കൊണ്ട് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥ


ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് സീമാ ധാക്ക എന്ന 33 കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ്. ഡൽഹി ഔട്ടർ നോർത്ത് ജില്ലയിലെ നിയുക്ത പൊലീസ് ഉദ്യോഗസ്ഥയായ സീമാ ധാക്കയ്ക്ക് ഔട്ട്-ഓഫ്-ടേൺ ആയി പ്രൊമോഷൻ നൽകുന്നു എന്ന് രണ്ട് ദിവസം മുന്പാണ് ഡൽഹി പൊലീസ് ട്വീറ്റ് ചെയ്യുന്നത്. അതിന് തക്കതായ കാരണവും ഉണ്ട്. അതിസാഹസികമായി ഏറെ വെല്ലുവിളി നിറഞ്ഞ വഴികളിലൂടെ കാണാതായ 76 കുട്ടികളെയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ ധീര വനിത രക്ഷിതാക്കളുടെ പക്കല്‍ സുരക്ഷിതമായി എത്തിച്ചിരിക്കുന്നത്. ഇതിൽ 56 പേരും പതിനാല് വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളായിരുന്നു. ഡൽഹിയിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ, യുപി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നു പോലും സീമ കുട്ടികളെ തിരികെയെത്തിച്ചിട്ടുണ്ട്. ഇത്തരമൊരു സ്തുത്യാർഹമായ പ്രകടനം കാഴ്ച വച്ചതിനാണ് ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവ ഹെഡ് കോൺസ്റ്റബിളായ സീമാ ധാക്കയ്ക്ക് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ആയി സ്ഥാനക്കയറ്റം നൽകിയത്.

കാണാതായ കുട്ടികളെ കണ്ടെത്തിയതിന് ഡൽഹി പൊലീസിന്‍റെ പ്രത്യേക ഇൻസെന്‍റീവ് പദ്ധതിയുടെ ഭാഗാമായാണ് പ്രൊമോഷൻ. ഇത്തരത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യ വനിത ഉദ്യോഗസ്ഥ കൂടിയാണ് സീമ. നിരാശ ബാധിച്ച നിരവധി കുടുംബങ്ങളിൽ സന്തോഷവും സമാധാനവും തിരികെയെത്തിക്കാൻ സീമയ്ക്കായി. അവരെയോർത്ത് ഡൽഹി പൊലീസ് അഭിമാനിക്കുന്നു എന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. 'കുട്ടികളെ അവരെ മാതാപിതാക്കളുമായി ഒന്നിപ്പിക്കുന്നത് എനിക്ക് ഏറെ ആഹ്ളാദം നൽകുന്നുണ്ട്. എന്‍റെ ജോലിക്ക് പൊലീസ് കമ്മീഷണർ ഇത്തരമൊരു പ്രതിഫലം നല്‍കിയതിൽ സന്തോഷമുണ്ട്. ഇത് മറ്റ് ആളുകൾക്കും ഒരു പ്രോത്സാഹനമാണ്' എന്നാണ് സീമയുടെ പ്രതികരണം.

2006 ലാണ് സീമ പൊലീസ് സേനയിൽ ജോലിക്ക് ചേരുന്നത്. ഹെഡ് കോൺസ്റ്റബിൾ ആയായിരുന്നു നിയമനം. ഇവരുടെ ഭർത്താവും പൊലീസിൽ തന്നെയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed