രാഹുൽ കന്യാകുമാരിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്


2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചനകൾ നൽകി കോൺഗ്രസ്. നിലവിൽ കോൺഗ്രസിന്റെ വിജയ് വസന്ത് ആണ് കന്യാകുമാരിയുടെ എംപി. 2019ൽ തമിഴ്നാട്ടിൽ നിന്നുമുളള ചില എംപിമാർ കന്യാകുമാരിയിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡിന് നിർദേശം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരിക്കുന്നില്ലെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. ദി പ്രിന്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

രാഹുൽ ഗാന്ധിയെ കന്യാകുമാരിയിലേക്ക് കൊണ്ടുവരുന്നതിന് രണ്ട് കാരണങ്ങളാണ് ഉളളതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സുരക്ഷിതമായ ഒരു സീറ്റിൽ നിന്ന് രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുകയെന്ന കോൺഗ്രസിന്റെ തീരുമാനമാണ് ഒന്നാമത്തെ കാരണം. ഡിഎംകെ− ഇടതുപക്ഷ സഖ്യത്തിനോടൊപ്പം നിന്ന് ബിജെപിക്ക് എതിരെ മത്സരിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലുള്ള മുതിർന്ന ഇടതുപക്ഷ നേതാക്കളുമായുള്ള അടുപ്പം കണക്കിലെടുത്ത് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിച്ചത് മോശം സാഹചര്യം സൃഷ്ടിച്ചുവെന്നാണ് ചില നേതാക്കളുടെ വിലയിരുത്തൽ. മത്സരം ബിജെപിക്കെതിരെയാണെന്ന് വരുത്താനാണ് കന്യകുമാരിയിലേക്കുളള മാറ്റമെന്നും രണ്ടാമത്തെ കാരണമായി റിപ്പോർട്ടിൽ പറയുന്നു. 

രാഹുൽ കന്യാകുമാരിയിൽ മത്സരിക്കുകയാണെങ്കിൽ കോൺഗ്രസിന്റേയും ഇടത്പക്ഷത്തിന്റേയും സംയുക്ത സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുക. 2019ൽ വയനാട് തെരഞ്ഞെടുക്കുന്നതിന് മുമ്പ് രാഹുലിനായി കന്യാകുമാരിക്കൊപ്പം ബംഗളൂരു റൂറലിലും ആലോചിച്ചിരുന്നുവെന്ന് ഒരു നേതാവ് പറഞ്ഞു. രാഹുൽ കന്യാകുമാരിയിലേക്ക് നീങ്ങുകയാണെങ്കിൽ ബെംഗളൂരു റൂറലിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കാനും സാധ്യതയുണ്ടെന്ന് ദി പ്രിന്റ് പറയുന്നു. 

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നായിരുന്നു. മാർച്ച് 19ന് കോൺഗ്രസ് മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയ കെസി വേണുഗോപാൽ രാഹുൽ ഗാന്ധി കന്യാകുമാരിയിൽ മത്സരിക്കുമെന്ന കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. വിവിധ സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ രാഹുലിനോട് ആവശ്യപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമായെന്നും കെസി വേണുഗോപാൽ ദി പ്രിന്റിനോട് പറഞ്ഞു.

article-image

dfghdf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed