കശ്മീർ‍ നിയമസഭ തെരഞ്ഞെടുപ്പ്; നാഷണൽ‍ കോൺഫറൻസും പിഡിപിയും ഒന്നിച്ചു മത്സരിക്കും


ജമ്മു കാശ്മിരിൽ‍ നാഷണൽ‍ കോൺഫറൻസ് പാർ‍ട്ടിയും പിഡിപിയും സംയുക്തമായി നിയമസഭാ തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുമെന്ന് റിപ്പോർ‍ട്ട്. ഗുപ്കർ‍ പ്രഖ്യാപനത്തേ തുടർ‍ന്നാണ് രണ്ട് പാർ‍ട്ടികളും ഒന്നിച്ച് മത്സരിക്കുന്നത്. എന്നാൽ‍ ഇരു പാർ‍ട്ടികളും മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ച് അന്തിമ രൂപമായിട്ടില്ല. ഈ വർ‍ഷം അവസാനമോ, അടുത്ത വർ‍ഷം ആദ്യമോ ആയിരിക്കും പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള കാശ്മിരിലെ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ‍ കോൺ‍ഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള പറഞ്ഞു. 

സന്തൂർ‍ വിദ്വാൻ പണ്ഡിറ്റ് ഭജൻ സോപുരിയുടെ അനുസ്മരണ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. 2019 ആഗസ്റ്റ് നാലിന് പ്രത്യേക പദവി എടുത്തു മാറ്റിയതിനെതിരെ ഗുപ്കറിൽ‍ പ്രതിപക്ഷ പാർ‍ട്ടികൾ‍ പ്രമേയം പാസാക്കിയിരുന്നു. സഖ്യത്തിൽ‍ നിന്ന് ഒരു പ്രതിപക്ഷ പാർ‍ട്ടി പിന്‍മാറുന്നെന്ന വാർ‍ത്തയോടും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ആ പ്രതിപക്ഷ പാർ‍ട്ടി സഖ്യത്തിലുണ്ടായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർ‍ക്കാരിന് തോന്നുമ്പോഴാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു. പ്രളയം ഉണ്ടായപ്പോൾ‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്തുകൊണ്ട് ഇപ്പോൾ‍ നടത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. 

പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയോട് യോജിപ്പ് പ്രകടിപ്പിച്ചു. ജനങ്ങൾ‍ ആഗ്രഹിക്കുന്നത് പ്രതിപക്ഷം ഒരുമിച്ച് പ്രവർ‍ത്തിക്കണമെന്നാണ്. ഈ തെരഞ്ഞെടുപ്പിൽ‍ അതുണ്ടാകുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. മണ്ഡലങ്ങളുടെ പുനർ‍നിർ‍ണ്ണയം ചെയ്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു. അന്തിമ വോട്ടർ‍ പട്ടിക ഒക്ടോബർ‍ 31ന് പുറത്തിറക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed