കനത്ത ചൂട്; ബംഗാളിലെ ദാണ്ഡ മഹോൽസവത്തിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേർ മരിച്ചു


കനത്ത ചൂടിനെ തുടർന്ന് ബംഗാളിലെ ദാണ്ഡ മഹോൽസവത്തിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേർ മരിച്ചു. തളർന്നുവീണ 125 പേരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി പ്രദേശത്താണ് സംഭവം.  60 വയസ്സിനു മുകളിലുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരവധി മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നും നിരവധി പേർ മേളയിൽ പങ്കെടുക്കാനെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 

പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യൻ സന്യാസിയായിരുന്ന ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സ്മരണാർത്ഥമാണ് മേള നടക്കുന്നത്.  സംഭവത്തിന് ശേഷം മേള അധികൃതർ നിർത്തിവെച്ചു. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി മേള നടത്തിയിരുന്നില്ല. അതിനാൽ തന്നെ ഇത്തവണത്തെ മേളയിൽ വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടതെന്ന് പാനിഹാട്ടി നിയമസഭാംഗം നിർമൽ ഘോഷ് പറഞ്ഞു. 

അതേസമയം, സംഭവത്തിൽ‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. എന്നാൽ മുഖ്യമന്ത്രി മരണങ്ങളുടെ ഉത്തവാദിത്തം ഏറ്റെടുക്കണമെന്ന്  ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. മേളയിൽ പൊലീസ് വിന്യാസം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബരാക്പൂർ പൊലീസ് കമ്മീഷണർ മനോജ് വർമ്മ സംഭവസ്ഥലത്തെത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed