രാജ്യത്ത് 24 മണിക്കൂറിനിടെ 4270 കോവിഡ് കേസുകൾ; കേരളത്തിൽ ആശങ്ക


രാജ്യത്ത് കോവിഡ് കേസുകൾ രൂക്ഷമാകുന്നു. പ്രതിദിന കേസുകളും ടിപിആറും ആശങ്കയായി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് 7.8 ശതമാനമാണ് കേസുകളുടെ വർധനവ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,76,817 ആയി ഉയർന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,619 പേർ രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ 24,052 സജീവ കേസുകളാണ് ഉള്ളത്. പുതിയതായി 15 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,692 ആയി ഉയരുകയും ചെയ്തു. 

അതേസമയം, രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച 1,544 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 ശതമാനമാണ്.

നാല് മരണങ്ങളാണ് പുതിയതായി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. നാല് ദിവസത്തിനിടെ 43 മരണം സ്ഥിരീകരിച്ചു. കേരളത്തിൽ തുടർച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തുന്നത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed