ഭിന്നശേഷിക്കാരനായ കുട്ടിയുടെ യാത്ര തടഞ്ഞു; ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ


ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ യാത്രചെയ്യാൻ സമ്മതിക്കാത്ത സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് പിഴ. ഡയറക്ടറേറ്റ് ജ നറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) അഞ്ചുലക്ഷം രൂപ പിഴ ചുമത്തിയത്. ഇൻഡിഗോ ജീവനക്കാരനൻ ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തത് ശരിയായ തരത്തിലല്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന് പിഴവ് സംഭവിച്ചുവെന്നും ഡിജിസിഎ വ്യക്തമാക്കി.

പ്രത്യേക സാഹചര്യങ്ങളിൽ വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. എന്നാൽ സിവിൽ ഏവിയേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ ജീവനക്കാരന് പിഴവ് സംഭവിച്ചു. അനുകമ്പയോടുള്ള ഇടപെടൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സഹായിക്കുമായിരുന്നുവെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.

റാഞ്ചി വിമാനത്താവളത്തിൽ മേയ് ഏഴിനാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം വിമാനത്താവളത്തിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന് ഇൻഡിഗോയുടെ മാനേജർ യാത്ര വിലക്കുകയായിരുന്നു. ഈ സംഭവങ്ങൾ കണ്ടുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരിയായ മനീഷ ഗുപ്ത സമൂഹമാദ്ധ്യമത്തിൽ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പ് നൽകിയതോടെയാണ് സംഭവം വിവാദമായത്.

കുട്ടി വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ദൃക്സാക്ഷിയായ അഭിനന്ദൻ മിശ്ര പറയുന്നു. യാത്രാക്ലേശം മൂലമാകാം കുട്ടി അസ്വസ്ഥനായതെന്നാണ് കരുതുന്നത്. കുട്ടിയെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് മാനേജർ വാദിച്ചത്.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed