വിഗ്ഗിനടിയിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ


തലയിലെ വിഗ്ഗിനടിയിൽ ഒളിപ്പിച്ച സ്വർണവുമായി അബുദാബിയിൽ നിന്നു യാത്ര ചെയ്തയാളെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. തലമുടി മുൻഭാഗത്തു കഷണ്ടി രൂപത്തിൽ വടിച്ച ശേഷം ഉരുക്കിയ സ്വർണത്തിനു മേൽ വിഗ്ഗ് വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നുള്ള വിമാനം ഡൽഹിയിലിറങ്ങിയ ശേഷം പന്തികേട് തോന്നിയ കസ്റ്റംസ് ദേഹ പരിശോധന നടത്തുകയായിരുന്നു. തലമുടി വടിച്ച സ്ഥലത്തു പ്ലാസ്റ്റികിൽ പൊതിഞ്ഞാണ് ഉരുക്കിയ സ്വർണം വച്ചിരുന്നത്. ഇയാൾ മറ്റൊരിടത്തു സ്വർണം ഒളിപ്പിച്ചതായും കണ്ടെത്തി.  630 ഗ്രാം സ്വർണമാണു പിടികൂടിയത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു കൂടുതൽ അന്വേഷണം നടത്തിവരുന്നു. 

സ്വർണത്തിന്മേലുള്ള ഇന്ത്യയുടെ നികുതി ഒഴിവാക്കാൻ യാത്രക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിതെന്ന് അധികൃതർ പറഞ്ഞു. ഗൾഫിൽ നിന്ന് യാത്ര ചെയ്യുന്നവരിൽ നിന്ന് ഡൽഹി, മുംബൈ, കേരള വിമാനത്താവളങ്ങളിൽ സ്വർണവേട്ട ഇടയ്ക്കിടെ നടക്കുന്നുണ്ട്. ജ്യൂസറിലും ബെൽറ്റിലും മൊബൈൽ ഫോണിലും പൊതിഞ്ഞ നിലയിൽ അടുത്തിടെ ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ സമാനമായ രീതിയിൽ വിഗ്ഗിനടിയിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് ശ്രമത്തിന് ഒട്ടേറെ പേർ അറസ്റ്റിലായിരുന്നു.

11 വർഷത്തിനിടെ ഡൽഹി കസ്റ്റംസ് റജിസ്റ്റർ ചെയ്ത 2500−ലേറെ കള്ളക്കടത്ത് കേസുകളിൽ മൂന്നു ടൺ സ്വർണം പിടികൂടിയതായി കഴിഞ്ഞ മാസം റിപ്പോർട് പുറത്തുവന്നിരുന്നു. തലസ്ഥാന നഗരമായ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണു ഭൂരിഭാഗവും കണ്ടുകെട്ടിയത്. വിമാനങ്ങളിൽ സ്വർണം കൊണ്ടുപോകുന്നതു നിയമവിരുദ്ധമല്ലെങ്കിലും യാത്രക്കാർ, തങ്ങൾ ഇന്ത്യയിലേയ്ക്കും പുറത്തേയ്ക്കും ഇറക്കുമതി ചെയ്യുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ അളവ് പ്രഖ്യാപിക്കുകയും ശരിയായ രേഖകൾ ഹാജരാക്കുകയും വേണം. ഇതു ഹാജരാക്കുകയാണെങ്കിൽ വൻതുക നികുതി നൽകേണ്ടി വരികയും ചെയ്യുന്നു. ഇതൊഴിവാക്കാാനാണ് കള്ളക്കടത്ത് നടത്തുന്നത്. എന്നാൽ, ഇന്ത്യയിൽ വിമാനത്താവളങ്ങൾ വഴി നടക്കുന്ന സ്വർണ കള്ളക്കടത്തുകൾ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെയാണ് നടക്കുന്നതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇടയ്ക്ക് കള്ളക്കടത്ത് പിടികൂടി മുഖം രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുവെന്നും വ്യാപക ആരോപണമുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed