കൽക്കരി ക്ഷാമം: യുപി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽ



കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ വൈദ്യുതി പ്രതിസന്ധി കൂടൂതൽ സംസ്ഥാനങ്ങളിലേക്ക്. ദില്ലിയിൽ
പ്രതിസന്ധിയുണ്ടെന്ന് വൈദ്യൂതി മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. പ്രതിസന്ധി ചർച്ച ചെയ്യാൻ യുപി സർക്കാർ അടിയന്തര യോഗം വിളിച്ചു. കൽക്കരി വിതരണം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിച്ചെന്ന് കോൾ ഇന്ത്യ വ്യക്തമാക്കി.
പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും ഊർജ്ജ നിയന്ത്രണത്തിലേക്ക് കടക്കുകയാണ് പല സംസ്ഥാനങ്ങളും. മഹാരാഷ്ട്രയിലെ 13 താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിൽ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്ട്ര നേരിടുന്നത്. പഞ്ചാബും സമാനമായ സാഹചര്യം നേരിടുകയാണ്. നിലവിൽ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. മൂന്ന് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ പവർ കട്ട് ഏർപ്പെടുത്തി.
ദില്ലിക്ക് ലഭിച്ചിരുന്ന 4000 മെഗാവാട്ട് വൈദ്യുതിക്ക് പകരം നിലവിൽ പകുതി മാത്രമാണ് കിട്ടുന്നതെന്ന് വൈദ്യൂതി മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു. പ്രതിസന്ധി തുടർന്നാൽ കടുത്ത നിയന്ത്രണം നടപ്പാക്കാനാണ് തീരുമാനം. ഏട്ട് വൈദ്യൂത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായതോടെയാണ് യുപിയിൽ മുഖ്യമന്ത്രി യോഗി അടിയന്തര യോഗം വിളിച്ചത്.
ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ കോൾ ഇന്ത്യയുടെ കീഴിലുള്ള ഏഴ് ഉപകമ്പനികൾക്ക് ഉൽപാദനം കൂട്ടാൻ നിർദ്ദേശം നൽകി. ശനിയാഴ്ച്ച 17.11 ലക്ഷം ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങൾക്കായി അയച്ചെന്നും രണ്ടാഴ്ച്ചക്കുള്ളിൽ കൂടൂതൽ കൽക്കരി വിതരണം ചെയ്യുമെന്നും സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് അറിയിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed