പാക്കിസ്ഥാനെതിരെ കടുത്ത വിമർശനവുമായി യുഎന്നിൽ ഇന്ത്യ


ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ കടുത്ത വിമർശനവുമായി യുഎന്നിൽ ഇന്ത്യ. ഭീകരരെ പരസ്യമായി പിന്തുണയ്ക്കുന്നതിന് പാക്കിസ്ഥാൻ ആഗോള അംഗീകാരം നേടിയെന്ന് ഇന്ത്യ യുഎന്നിൽ ഉന്നയിച്ചു. ജമ്മു കാഷ്മീർ വിഷയം ഉന്നയിച്ച് യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുള്ള മറുപടി കൂടിയാണ് ഇന്ത്യയുടെ പ്രതികരണം. പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ചരിത്രവും നയവും ഉണ്ടെന്നും ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു. ഉസാമ ബിൻ ലാദനെ സംരക്ഷിച്ചത് പാക്കിസ്ഥാനാണെന്നും അവർ പറഞ്ഞു. മധ്യസ്ഥത വഹിക്കാനെന്ന പേരിൽ അഫ്ഗാനിൽ കലാപത്തിനാണ് പാക്കിസ്ഥാന്‍റെ ശ്രമമെന്നും പറഞ്ഞു. 

ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി യുഎൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് എന്‍റെ രാജ്യത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ലെന്നും സ്നേഹ ദുബെ കുറ്റപ്പെടുത്തി. ജമ്മു കാഷ്മീരിന്‍റെയും ലഡാക്കിന്‍റെയും മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങിനെ തന്നെയായിരിക്കും. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങൾ അടിയന്തരമായി വിട്ട് പാക്കിസ്ഥാൻ തിരിച്ചുപോകണമെന്നു സ്നേഹ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed