അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഇന്ന് ഇന്ത്യയിൽ എത്തും


ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ന്യൂഡൽഹി യിലെത്തും. അഫ്ഗാൻ വിഷയത്തിൽ നിർണ്ണായക ചർച്ചകൾ നടക്കുമെന്നാണ് സൂചന. ഇന്തോ-പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ പ്രവർത്തനവും ചർച്ചാ വിഷയമാകും. അഫ്ഗാനിൽ നിന്നും ആഗസ്റ്റ് മാസം 30-ാം തീയതിയോടെ പൂർണ്ണമായും സൈന്യത്തെ പിൻവലിക്കുന്ന അമേരിക്കയ്‌ക്ക് ഇന്ത്യയുടെ പ്രതിരോധ സംവിധാനം നിർണ്ണായകമാണ്. മേഖലയിൽ ആകെ സൗഹൃദബന്ധമുള്ളതും വിശ്വസിക്കാവുന്നതുമായ രാജ്യം ഇന്ത്യയാണെന്നതും ചർച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ജോ ബൈഡൻ അധികാരമേറ്റ ശേഷം ആന്റണി ബ്ലിങ്കന്റെ ആദ്യയാത്രയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിൽ കൊറോണ നിയന്ത്രണങ്ങളും വിസ വിഷയത്തിലെ ഇളവുകളിലും തീരുമാനം എടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്ലിങ്കൻ തന്റെ രണ്ടു ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും.

മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തുടക്കമിട്ട പ്രതിരോധ രംഗത്തെ എല്ലാ സഹകരണവും ഇന്ത്യയുമായി തുടരുന്നതിലുള്ള സന്തോഷം ബ്ലിങ്കൻ മുന്നേ പങ്കുവെച്ചിരുന്നു. പസഫിക് മേഖലയിലെ ഇന്ത്യയുടെ ശക്തമായ സാന്നിദ്ധ്യമാണ് അമേരിക്കയ്‌ക്ക് വലിയൊരളവുവരെ ചൈനയെ നേരിടാൻ ആത്മവിശ്വാസം നൽകിയത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed