കുവൈത്തിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്


കുവൈത്തിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്‌മെന്റുകൾ സ്വീകരിക്കാവൂ എന്നാണ്  നിർദേശം. സാമൂഹ്യ−സാങ്കേതിക കാര്യ മന്ത്രി ഫഹദ് അൽ ശരീആൻ ആണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും നേരിട്ടുള്ള പണമിടപാട് വിലക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മാൻപവർ അതോറിറ്റിയുടെയും വാണിജ്യ−വ്യവസായമന്ത്രാലയത്തിന്റെയും ലൈസൻസോടു കൂടി രാജ്യത്തു പ്രവർത്തിക്കുന്ന എല്ലാ ലേബർ ഓഫീസുകളും  മാൻപവർ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും അവയുടെ ശാഖകളും, ഏതെങ്കിലും കരാറോ ഇടപാടോ നടത്തുമ്പോൾ ഫീസ് നേരിട്ട് പണം ആയി ഈടാക്കരുതെന്നാണ് ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നത്. പകരം സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ അംഗീകാരമുള്ള  എതെങ്കിലും നോൺ−ക്യാഷ് പേയ്മെന്റ് സംവിധാനം മുഖേന ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് പേയ്മെന്റ് ഡെബിറ്റ് ചെയ്യണം.

വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം ലംഘിച്ചുകൊണ്ടു പണമിടപാട് നടത്തുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റിക്രൂട്‌മെന്റ് രംഗത്തെ ക്രമക്കേടുകൾ ഇല്ലാതാക്കാനും പണം വെളുപ്പിക്കൽ തടയുന്നതിനുമുള്ള സർക്കാർ  നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഭാവിയിൽ കൂടുതൽ മേഖലകളിൽ ക്യാഷ്ലെസ്സ് പേയ്മെന്റ് നിർബന്ധമാക്കാൻ വാണിജ്യമന്ത്രാലയത്തിനു പദ്ധതിയുള്ളതായാണ് റിപ്പോർട്ട്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed