വാക്‌സിൻ എടുക്കാത്ത പ്രവാസികൾ‍ക്കും കുവൈറ്റിൽ‍ പ്രവേശനം


കുവൈറ്റ് സിറ്റി: വാക്‌സിൻ എടുക്കാത്ത പ്രവാസികൾ‍ക്കും കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർ‍ട്ട. ഇതുമായി ബന്ധപ്പെട്ട് കൊവിഡ് എമർ‍ജൻ‍സിക്കായുള്ള മന്ത്രിതല സമിതിയും ആരോഗ്യ മന്ത്രാലയവും സമർ‍പ്പിച്ച നിർ‍ദ്ദേശങ്ങൾ‍ പരിഗണിച്ചാണിത്. ഇതുപ്രകാരം ഇന്ത്യ, ഈജിപ്ത്, നേപ്പാൾ‍, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ‍ നിന്നുള്ള യാത്രക്കാർ‍ ഉൾ‍പ്പെടെ വാക്‌സിന്‍ എടുത്തവർ‍ക്കും എടുക്കാത്തവർ‍ക്കും നിബന്ധനകളോടെ നേരിട്ടുള്ള പ്രവേശനം അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽ‍കി.

ഫൈസർ‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോർ‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസുകൾ‍, അല്ലെങ്കിൽ‍ ജോൺ‍സൺ ആന്റ് ജോൺസൺ വാക്‌സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുകയുള്ളൂ.

എന്നാൽ‍ കുവൈറ്റ് അംഗീകാരം നൽ‍കിയിട്ടിലാത്ത വാക്‌സിനുകളായ സിനോഫാം, സിനോവാക്, സ്പുട്‌നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവർ‍ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു അധിക ഡോസ് സ്വീകരിക്കണം.

കുവൈറ്റിൽ‍ നിന്ന് വാക്‌സിൻ എടുത്തവരാണെങ്കിൽ‍ ഇമ്മ്യൂൺ ആപ്പിലോ കുവൈറ്റ് മൊബൈൽ‍ ഐഡി ആപ്പിലോ ആണ് ഇതിനുള്ള തെളിവ് കാണിക്കേണ്ടത്. കുവൈറ്റിന് പുറത്തു വച്ച് വാക്‌സിൻ‍ എടുത്തവരാണെങ്കിൽ‍ അവരുടെ വാക്‌സിൻ സർ‍ട്ടിഫിക്കറ്റിൽ‍ പോസ്‌പോർ‍ട്ടിലെ പേർ, സ്വീകരിച്ച വാക്‌സിൻ‍, തീയതി, സ്ഥലം, ക്യുആർ‍ കോഡ് എന്നിവ ഉണ്ടായിരിക്കണം. ക്യുആർ‍ കോഡ് ഇല്ലെങ്കിൽ‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ‍ നിന്ന് സർ‍ട്ടിഫിക്കറ്റ് ഡൗൺ‍ലോഡ് ചെയ്യാൻ കഴിയണം.

വാക്‌സിനേഷൻ പൂർ‍ത്തിയാക്കിയവർ‍ കുവൈറ്റിൽ‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആർ‍ ടെസ്റ്റിലെ നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് കരുതണം, ശെലോനിക് ആപ്പിൽ‍ മുൻ‍കൂർ‍ രജിസ്‌ടർ ചെയ്യണം,

കുവൈറ്റിൽ‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ‍ കഴിയണം. എന്നാൽ‍ വേഗത്തിൽ‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവർ‍ പിസിആർ‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ‍ അതുമുതൽ‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

വാക്‌സിൻ‍ എടുക്കാത്തവർ‍ക്കുള്ള നിർ‍ദ്ദേശങ്ങൾ‍:

കുവൈറ്റിൽ‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആർ‍ ടെസ്റ്റിലെ നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ്, ശെലോനിക് ആപ്പിൽ‍ മുന്‍കൂർ‍ രജിസ്‌ട്രേഷന്‍, ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൈനും അതിനു ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും, കുവൈറ്റിൽ‍ എത്തിയ ശേഷം ആദ്യ ദിവസവും ആറാം ദിവസവും പിസിആർ‍ ടെസ്റ്റ് നടത്തണം. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണം. മുസാഫിർ‍ ആപ്പ് വഴിയാണ് പരിശോധനാ ഫീസ് അടയ്‌ക്കേണ്ടത്.

 സിവിൽ‍ ഐഡി ഇല്ലാത്തവർ‍ക്കുള്ള നിർ‍ദ്ദേശങ്ങൾ‍:

കുവൈറ്റിൽ‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആർ‍ ടെസ്റ്റിലെ നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ്, ശെലോനിക് ആപ്പിൽ‍ മുൻകൂർ‍ രജിസ്‌ട്രേഷൻ, കുവൈറ്റിലെത്തിയ ശേഷം ലോക്കൽ‍ മൊബൈൽ‍ നന്പർ‍ എടുത്ത് ശെലോനിക് ആപ്പിൽ‍ രജിസ്റ്റർ‍ ചെയ്യുമെന്ന് സത്യവാങ്മൂലം സമർ‍പ്പിക്കണം, കുവൈറ്റിൽ‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ‍ കഴിയണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed