കരുവന്നൂർ ബാങ്ക് മരണപ്പെട്ടവരെ ഉപയോഗിച്ചും വായ്പാ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ


കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ വായ്പാ തട്ടിപ്പ് കണ്ടെത്തി. മരിച്ച ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വ്യാജ അക്കൗണ്ടുകൾ തുടങ്ങാൻ ഉപയോഗിച്ച കൃത്രിമ രേഖകളും റെയ്ഡിൽ കണ്ടെടുത്തു. പ്രതികളുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച പരിശോധന തുടരാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്.

മൂല്യം കുറഞ്ഞ സ്ഥലത്തിന് വലിയ തുക ഇട്ട് തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ തുടങ്ങാനുള്ള ചില കൃത്രിമ രേഖകളും ഇഡി കണ്ടെത്തി. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇടപാടുകൾ സംബന്ധിച്ചോ നിക്ഷേപം സംബന്ധിച്ചോ ഉള്ള രേഖകൾ കണ്ടെത്താനായില്ല. തട്ടിപ്പിനുപയോഗിച്ച പണം പ്രതികൾ റിയൽ എസ്റ്റേറ്റിലടക്കം ഉപയോഗിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇവരുടെ ബിനാമി ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. പ്രതികൾ പലയിടത്തും ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടരും.

ഇഡി അസിസ്റ്റൻ്റ് കമ്മീഷണർ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിൽ റെയ്ഡ് നടത്തിയത്. പ്രതികളുടെ വീടുകളിലടക്കം 75ഓളം ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. ബാങ്കിൽ ഈ മാസം 10നു രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടു.

റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന രാത്രി 10.30വരെ നീണ്ടുനിന്നു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.

ബാങ്ക് പ്രസിഡന്റ്‌ ആയിരുന്ന കെ.കെ ദിവാകരൻ, സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ ഒരേ സമയം ആണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

2021 ജൂലൈ 14ലാണ് കരുവന്നൂരിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed