തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആദം അലി അറസ്റ്റിൽ


തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ട്രെയിനിൽ തമിഴ്‌നാട്ടിലേക്കു കടക്കുന്നതിനിടെ ആദം അലിയെ ചെന്നൈയിൽ നിന്ന് ആർപിഎഫ് സംഘം പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നിർണായകമായത്. ഇന്ന് രാവിലെ കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ഉച്ചയ്ക്ക് ശേഷം പ്രതിയുമായി പുറപ്പെടുന്ന സംഘം അര്‍ധരാത്രിയോടെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് എത്തിച്ചാൽ ഉടൻ പ്രാഥമിക തെളിവെടുപ്പ് നടത്തും.

മനോരമയുടെ മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുന്നതിന്റെ ദ്യശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ പ്രതി ഇടയ്ക്കിടെ മതിലിന് മുകളിലേക്ക് നോക്കുന്നത് വ്യക്തമാണ്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മനോരമയുടെ ശരീരത്തിൽ നിന്നും 7 പവൻ സ്വർണ്ണമാണ് നഷ്ടമായത്. ഇത് എന്ത് ചെയ്തുവെന്നും കണ്ടെത്തണം.

കഴിഞ്ഞ വൈകീട്ടോടെയാണ് ദേവസ്വം ലൈനിൽ താമസിക്കുന്ന മനോരമായ്ക്കായി അയൽവാസികൾ തെരച്ചിൽ തുടങ്ങിയത്. ഉച്ചയ്ക്ക് സമീപത്തെ വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീ, മനോരമയുടെ വീട്ടിൽ നിന്നും നിലവിളി കേട്ടിരുന്നു. അയൽവാസികളിൽ ഒരാൾ മനോരമയുടെ വീട്ടിൽ എത്തി നോക്കിയെങ്കിലും പ്രതികരണം ഒന്നുമില്ലാതിരുന്നതിനാൽ തിരിച്ചു പോയി. വൈകീട്ടും ആളനക്കം കാണാതിരുന്നതോടെയാണ് സംശയം തോന്നിയ നാട്ടുകാർ തെരച്ചിൽ തുടങ്ങിയത്. ഇതിനിടെ മനോരമയുടെ വീടിന് തൊട്ടു അപ്പുറത്ത് കെട്ടിടം പണിക്കായി താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി ആദം അലിയെ കാണാനില്ലെന്ന വിവരവും പുറത്തു വന്നു. മനോരമയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടെന്ന് കൂടി മനസിലായതോടെയാണ് സംശയം ബലപ്പെട്ടത്. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ അപ്പുറത്തെ കിണറ്റിൽ മനോരമയുടെ മൃതദേഹം കണ്ടെത്തി.

സംഭവ സമയം മനോരമ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ വീടിനോട് ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ്ഡ്. ആദം അലിക്ക് ഒപ്പം താമസിച്ചിരുന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed