ഞാൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല: കെ.ടി. ജലീൽ രാജ്യദ്രോഹപ്രവർത്തനം നടത്തുന്നയാളെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്


മുൻ മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ.ടി. ജലീൽ രാജ്യദ്രോഹപ്രവർത്തനം നടത്തുന്നയാളാണെന്ന് സ്വപ്ന സുരേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ.ടി ജലീലിന് താൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കെ.ടി ജലീലിനെതിരെ ആര് ശബ്ദമുയർത്തിയാലും ഏത് നിലവരെ താഴ്ന്നും അയാളെയും കുടുംബത്തെയും തകർക്കാൻ അദ്ദേഹം ശ്രമിക്കും എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

“കെ.ടി ജലീലും കോൺസുൽ ജനറലുമായുള്ള ഇടപാടുകൾ എൻഫോഴ്സ്മെൻ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും അറിയിച്ചുകഴിഞ്ഞു. പൊലീസിൻ്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാര്യങ്ങളൊക്കെ ആർക്കെതിരെയും ചെയ്യാനാവുമെന്ന കാര്യമാണ് ഞാൻ പറഞ്ഞത്. ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന് ആർക്കെതിരെയും ചെയ്യാൻ കഴിയും. അറബ് രാജ്യങ്ങളെയും ഭരണാധികാരികളെയും സുഖിപ്പിക്കാനാണ് ജലീലിൻ്റെ ശ്രമം.”− കെടി ജലീൽ പറഞ്ഞു.

“കെ.ടി. ജലീലിന് ഞാൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ജലീലിനെതിരായ തെളിവുകൾ നേരത്തെ തന്നെ ഇ.ഡിക്ക് നൽകിയിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.ടി ജലീലുമെല്ലാം പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി രഹസ്യ കൂടിക്കാഴ്ചയാണ് കോൺസുൽ ജനറലുമായി കെ.ടി ജലീൽ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകൾ ഞാൻ ശേഖരിക്കുന്നുണ്ട്. ഇ−മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകളിൽ നശിപ്പിക്കപ്പെട്ടു. എൻ.ഐ.എ എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തു. അവർ ഒരുപാട് തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എൻഫോഴ്‌സ്‌മെന്റിന് കൈമാറിയിട്ടുണ്ട്.”− സ്വപ്ന സുരേഷ് വ്യക്തമാക്കി.

“കാന്തപുരം അബൂബക്കറും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഇ−മെയിലിന്റെ തെളിവുണ്ട്. മുഖ്യമന്ത്രി, കെ.ടി ജലീൽ, ശിവശങ്കർ, കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം അബൂബക്കർ എന്നിവർ അടങ്ങിയ വി.വി.ഐ.പി സംഘം മർക്കസിന്റെ ശൈഖ് സായിദ് ഇന്റർനാഷനൽ പീസ് കോൺഫറൻസിനു വേണ്ടി എത്തുമെന്ന് മർക്കസ് ഞങ്ങളെ അറിയിച്ചു. റെഡ് ക്രസൻ്റിൻ്റെ ഔദ്യോഗിക സംഘമാണെന്നാണ് അവർ പറഞ്ഞത്. വിദേശകാര്യ മന്ത്രാലയം അറിയാതെയായിരുന്നു ഇത്. അവിടത്തെ നമ്മുടെ കോൺസുൽ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്‌കേസ് തിരുവനന്തപുരത്തെത്തിച്ചു. അവിടെനിന്ന് കാന്തപുരത്തിനു വേണ്ടി സ്യൂട്ട്‌കേസ് കോഴിക്കോട്ടെത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്‌കോർട്ടിനു വേണ്ടി പൊലീസ് എ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.”− സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

“തെളിവ് ചോദിക്കുമ്പോൾ നിങ്ങൾക്ക് തരാനാവില്ല. അത് അന്വേഷണ ഏജൻസികൾക്കേ നൽകാനാവൂ. സ്പേസ് പാർക്കിൽ എന്നെ ജോലിക്ക് വച്ചത് മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്നാണ്. ഞാൻ കോൺസുൽ ജനറലിൻ്റെ പിഎ ആയിരുന്നില്ല. കേരള സർക്കാരിനു കീഴിലുള്ള സ്പേസ് പാർക്കിൻ്റെ ഓപ്പറേഷണൽ മാനേജരായിരുന്നു. കെ.ടി ജലീലിനെതിരെ ആർ ശബ്ദമുയർത്തിയാലും ഏത് നിലവരെ താഴ്ന്നും അയാളെയും കുടുംബത്തെയും തകർക്കാൻ അദ്ദേഹം ശ്രമിക്കും. ഇത് ദേശവിരുദ്ധ പ്രവർത്തനമാണ്.”−സ്വപ്ന സുരേഷ് വിശദീകരിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed