അഭയ കേസ്: ഫാദർ തോമസ് കോട്ടൂരും ജയിൽ മോചിതനായി


അഭയ കേസിൽ പ്രതികളെ ശിക്ഷിച്ച സിബിഐ കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചതോടെ പ്രതി ഫാദർ തോമസ് കോട്ടൂരും ജയിൽ മോചിതനായി. സിസ്റ്റർ സെഫി ഇന്നലെ ജയിൽ മോചിതയായിരുന്നു. ഇരുവർക്കും ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞിരുന്നത്. വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നു ചൂണ്ടിക്കാട്ടി ഒന്നും മൂന്നും പ്രതികളായ സിസ്റ്റർ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹരജികളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.  

കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചിരുന്നത്. ഡിസംബർ 23 ന് ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ആവശ്യം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed