നീണ്ടകര താലൂക്ക് ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു


കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. താലൂക്ക് ആശുപത്രിയിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ ഉപരോധം. സംഭവത്തിൽ രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെ ജി എം ഒ എ വ്യക്തമാക്കി. ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കുകയും നഴ്സിനെയും ഡോക്ടറെയും മർദ്ദിക്കുകയും ചെയ്ത യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു.

നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കൾ ആക്രമിച്ചതെന്നാണ് പരുക്കേറ്റ ഡോക്ടർ പറയുന്നത്. കമ്പി വടികൾ ഉപയോഗിച്ചാണ് ഡോക്ടറേയും നഴ്സിനേയും യുവാക്കൾ മർദ്ദിച്ചത്.

ഇന്നലെയാണ് നീണ്ടകര ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും, ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാൻ കെ ജി എം ഒ എ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ ജി എം ഒ എ മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed