വിജിലൻ‍സ് തന്നെ ബലമായി കൊണ്ടുപോയി; ലൈഫ് മിഷൻ കേസിൽ കസ്റ്റഡിയിൽ എടുത്ത് സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് മാത്രം ചോദ്യം ചെയ്തുവെന്ന് സരിത്ത്


വിജിലൻ‍സ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സ്വർ‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ കേസിൽ‍ കസ്റ്റഡിയിലെടുത്ത പി.എസ് സരിത്ത്. ലൈഫ് മിഷൻ കേസിൽ‍ വിജിലൻസ് അന്വേഷണം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാൽ‍ ലൈഫ് മിഷനെക്കുറിച്ച് ചോദ്യങ്ങൾ‍ ഒന്നുമുണ്ടായില്ല. സ്വപ്ന മൊഴി കൊടുത്തത് ആരുടെ നിർ‍ദേശപ്രകാരമെന്ന് ചോദിച്ചു. ചെരുപ്പിടാൻ പോലും അനുവദിച്ചില്ല. ബലപ്രയോഗം സിസിടിവി പരിശോധിച്ചാൽ‍ മനസിലാകുമെന്നും സരിത്ത് പറഞ്ഞു. വിജിലൻസ് കസ്റ്റഡിയിൽ‍ നിന്നും വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്. തന്നെ വലിച്ചിഴച്ചാണ് ഫ്‌ളാറ്റിൽ‍ നിന്ന് കൊണ്ടുപോയതെന്നും, തനിക്ക് ഇതിന് മുമ്പ് വിജിലന്‍സ് ഒരു നോട്ടീസും തന്നിട്ടില്ലെന്നും സരിത്ത് പറഞ്ഞു. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റിൽ‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലൻസ് കൊണ്ടുപോയത്. സംഭവത്തിൽ‍ ബന്ധുക്കൾ‍ ഹേബിയസ് കോർ‍പ്പസ് ഹർ‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയച്ചിരിക്കുന്നത്.

രണ്ടരമണിക്കൂറോളം സരിത്തിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ലൈഫ് മിഷനെക്കുറിച്ചൊന്നും വിജിലൻസ് ഒന്നും തന്നോട് ചോദിച്ചിട്ടില്ലെന്നും, സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടെന്നാണ് തന്നോട് ചോദിച്ചതെന്നും സരിത്ത് വ്യക്തമാക്കി. ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയത്. ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല. തനിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പ് വിജിലൻസ് നോട്ടീസൊന്നും തന്നിട്ടില്ലെന്നും സരിത്ത് പറയുന്നു. ഈ മാസം 16ആം തീയതി തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ‍ സരിത്തിനോട് ഹാജരാകാൻ വിജിലൻ‍സ് നിർ‍ദേശിച്ചിട്ടുണ്ട്.

സരിത്തിനെ നിയമവിരുദ്ധമായി ഒരു സംഘം കസ്റ്റഡിയിലെടുത്തെന്നും ജീവൻ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സരിത്തിന്റെ ബന്ധുക്കൾ‍ ഹേബിയസ് കോർ‍പ്പസ് ഹർ‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. സരിത്തിന്റെ ബന്ധുക്കൾ‍ കൊച്ചിയിലെ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. നാളെ ഹൈക്കോടതിയിൽ‍ ഹർ‍ജി നൽ‍കാനാണ് തീരുമാനിച്ചത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹർ‍ജി നാളെത്തന്നെ പരിഗണിക്കണമെന്നും കോടതിയിൽ‍ ആവശ്യപ്പെടാൻ ആലോചിച്ചിരുന്നു. സരിത്ത് എവിടെയാണെന്നറിയില്ല, ആരാണ് കൊണ്ടുപോയതെന്നറിയില്ല, മുന്നറിയിപ്പ് നൽ‍കിയില്ല, തന്റെ മകന്റെ ജീവന് ഭീഷണിയുണ്ട്, അതിനാൽ‍ത്തന്നെ മകനെ ഉടനടി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സരിത്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed