വിദേശത്തേക്കുള്ള വ്യാജ റിക്രൂട്ട്‌മെന്റും തൊഴിൽ‍തട്ടിപ്പും തടയാൻ നോർക്കയുടെ ഓപറേഷൻ ശുഭയാത്ര


വിദേശത്തേക്കുള്ള വ്യാജ റിക്രൂട്ട്‌മെന്റും തൊഴിൽ‍തട്ടിപ്പും തടയാൻ‍ കേരളത്തിൽ‍ ∍ഓപറേഷന്‍ ശുഭയാത്ര∍ വരുന്നു. നോർ‍ക്ക റെസിഡന്റ്‌സ് വൈസ് ചെയർ‍മാൻ‍ പി. ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ദുബൈയിലെ മാധ്യമപ്രവർ‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ‍ മീഡീയ ഫോറം ഓൺലൈനിൽ‍ സംഘടിപ്പിച്ച മുഖാമുഖത്തിൽ‍ സംസാരിക്കുകയായിരുന്നു പി. ശ്രീരാമകൃഷ്ണൻ. പൊലീസുമായി സഹകരിച്ചാണ് ഓപറേഷൻ‍ ശുഭയാത്ര നടപ്പാക്കുക. ഇതിന്റെ ആദ്യ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ‍ ഈമാസം 14ന് ചേരും. വ്യാജ ഏജൻസികൾ‍ക്കെതിരെ നടപടിയെടുക്കാനും ജനങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. തൊഴിൽ‍ തട്ടിപ്പിന് അറിഞ്ഞുകൊണ്ട് തലവെച്ചുകൊടുക്കുന്നവർ‍ നിരവധിയാണ്. പരാതി ലഭിക്കാത്തതിനാലാണ് പലതിലും നടപടിയെടുക്കാൻ കഴിയാത്തതെന്ന് ശ്രീരാമകൃഷണന്‍ പറഞ്ഞു.  

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി നിലച്ച അവസ്ഥയിലാണ്. ഇതിൽ‍ പണം അടച്ച ആർ‍ക്കും തുക നഷ്ടമാവില്ല. എല്ലാവർ‍ക്കും തുക തിരികെ ലഭിക്കാൻ കെ.എസ്.എഫ്.ഇ നടപടിയെടുക്കും. വിവിധ രാജ്യങ്ങളിൽ‍ താമസിക്കുന്ന മലയാളികളുടെ തൊഴിൽ‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ ഗ്ലോബൽ‍ ഡിജിറ്റൽ‍ പ്ലാറ്റ്‌ഫോം രൂപവത്കരിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തെയും മലയാളികൾ‍ക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കഴിയും. ഇതുവഴി സാങ്കേതിക വൈഗ്ധ്യമുള്ളവരെ കണ്ടെത്താനും അവർ‍ക്ക് ജോലി നൽ‍കാനും കഴിയും. വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നോർ‍ക്കയുടെ നേതൃത്വത്തിൽ‍ നാഷനൽ‍ മൈഗ്രേഷൻ കോൺഫറൻ‍സ് നടത്തുമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. അരുൺ രാഘവൻ സ്വാഗതവും തൻസി ഹാഷിർ‍ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed