മന്ത്രിക്ക് പ്രൊഫസറാകാൻ സർക്കാർ വക 10 കോടി, പിണറായി സർക്കാർ മാത്രമേ ഇത്തരം ഭ്രാന്തൻ നടപടികൾ സ്വീകരിക്കൂവെന്ന് കെ. സുധാകരൻ


മന്ത്രി ആർ. ബിന്ദുവിന് പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവ്വകലാശാലയുടെ യുജിസി ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ചുള്ള നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

യുജിസി ചട്ടങ്ങൾ ലംഘിച്ച് വിരമിച്ച കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനത്തിന് എതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. ഒരു മന്ത്രിക്ക് പ്രൊഫസർ പദവി നൽകാൻ കേരളം നൽകേണ്ടി വരുന്നത് 10 കോടി രൂപയാണെന്നും പിണറായി സർക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തൻ നടപടികൾ സ്വീകരിക്കാനാകൂവെന്നും കെ. സുധാകരൻ പറഞ്ഞു. മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവ്വകലാശാലയുടെ യുജിസി ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ചുള്ള, 2018ന് ശേഷം വിരമിച്ചവർക്ക് പ്രൊഫസർഷിപ്പ് നൽകാനുള്ള നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

അതേസമയം കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പിന്നാലെ മറ്റ് സർവ്വകലാശാലകളും 2018ന് ശേഷം വിരമിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് ഇപ്പോൾ ആവശ്യം ഉയരുകയാണ്. സർവ്വകലാശാലയുടെ നടപടിക്ക് അനുസരിച്ച് 200ഓളം അദ്ധ്യാപകർക്ക് 5 ലക്ഷം രൂപ വീതം ശന്പളകുടിശ്ശിക നൽകുന്പോൾ സർക്കാരിന് 10 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. കൊവിഡ് കാലത്ത് സംസ്ഥാനം കനത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോൾ ഈ നടപടി തികച്ചും അധാർമ്മികവും നിയമവിരുദ്ധവും ആണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി ആർ. ബിന്ദു പേരിനൊപ്പം പ്രൊഫസർ പദവി ചേർത്ത് പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ദുർബലപ്പെടുത്താനാണ് കാലിക്കറ്റ് സർവ്വകലാശാല ഇപ്പോൾ വിരമിച്ച മന്ത്രി ഉൾപ്പെടെയുള്ള കോളേജ് അധ്യാപകർക്ക് പ്രൊഫസർഷിപ്പ് നൽകാൻ യുജിസി ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതെന്ന് സുധാകരൻ ആരോപിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed