മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ


തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളിൽ മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന തമിഴ്നാട് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്ഥാനത്തിൻ്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്നാടിനെ അറിയിച്ചതാണ്. എന്നാൽ തമിഴ്നാട് ഈ രീതി തുടർന്നു. അതുകൊണ്ട് തന്നെ നിയമപരമായി വിഷയത്തെ സമീപിക്കാനാണ് കേരളം ആലോചിക്കുന്നത്. ഡാം തുറക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല. പക്ഷേ, കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ട്. പരസ്പര സഹകരണത്തോടെ പോയില്ലെങ്കിൽ ഭവിഷ്യത്തുണ്ടാവുമെന്ന ആശങ്കയും കേരളം പങ്കുവെക്കുന്നു.

മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപി മാർ പാർലമെന്റിൽ ഇന്ന് ധാരണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ പത്ത് മണിമുതലാണ് ധർണ. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രിം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മുന്നറിയിപ്പ് നൽകാതെ തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളിൽ തന്നെ നിരവധി വീടുകളിൽ വെള്ളം കയറി. നടപടിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഈ വർഷം മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയർന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണിൽ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed