കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം




കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതിനുള്ള ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നല്‍കി. സൗജന്യഭക്ഷ്യധാന്യ പദ്ധതി തുടരും. നവംബറിന് ശേഷവും പദ്ധതി തുടരാനാണ് തീരുമാനം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെന്‍റിന്‍റെ അംഗീകാരം നേടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്‍റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. നവംബര്‍ 29 ന് 60 ട്രാക്ടറുകള്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. ഞങ്ങള്‍ റോഡുകള്‍ തടഞ്ഞെന്ന് ആരോപിച്ചിരുന്നു. റോഡ് തടയുന്നത് ഞങ്ങളുടെ രീതിയല്ല. സര്‍ക്കാരുമായി സംസാരിക്കാനാണ് ഞങ്ങള്‍ നേരെ പാര്‍ലമെന്‍റിലേക്ക് പോകുന്നതെന്ന് ടിക്കായത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐഎയോട് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് രാകേഷ് ടിക്കായ്ത്തിന്‍റെ പ്രസ്താവന. 1000 പ്രതിഷേധക്കാരും പാര്‍ലമെന്റിലേക്ക് എത്തുമെന്നും ടിക്കായത്ത് പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed