കണ്ണൂർ‍ സർ‍വ്വകലാശാല വിസിയുടെ പുനർനിയമനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്


കണ്ണൂർ: കണ്ണൂർ‍ സർ‍വ്വകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ പുനർ‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്. അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കരുതെന്ന സർ‍വ്വകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ‍ നിയമനമെന്നാണ് ആക്ഷേപം. 1996 ലെ കണ്ണൂർ‍ സർ‍വ്വകലാശാല ആക്ടിന് വിരുദ്ധമായാണ് പ്രൊഫസർ‍ ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ‍ നിയമനമെന്നാണ് കെ.എസ്.യുവിന്‍റെ ആരോപണം. ഇതനുസരിച്ച് അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്നാണ് നിയമം. ഔദ്യോഗിക രേഖകൾ‍ പ്രകാരം 1960 ഡിസംബർ‍ 19 ആണ് ഗോപിനാഥ് രവീന്ദ്രന്‍റെ ജനന തിയതി. പുതിയ വൈസ് ചാൻ‍സലറെ തെരഞ്ഞെടുക്കാനുളള സെർ‍ച്ച് കമ്മറ്റി പിരിച്ച് വിട്ട് ഗോപിനാഥ് രവീന്ദ്രനെ പുനർ‍ നിയമിക്കാനുളള നീക്കം നിയമപരമായി നില നിൽ‍ക്കില്ലന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു പറയുന്നു. 

കേരളത്തിന്‍റെ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു സർ‍വ്വകലാശാല വൈസ് ചാൻസലറെ തൽ‍സ്ഥാനത്ത് പുനർ‍നിയമിക്കുന്നത്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾ‍ക്ക് സർ‍വ്വകലാശാലയിൽ‍ ചട്ട വിരുദ്ധമായി നിയമനം നൽ‍കാനുളള നീക്കങ്ങൾ‍ പല വട്ടം വിവാദങ്ങൾ‍ക്ക് വഴി വെച്ചിരുന്നു. ഏറ്റവും ഒടുവിൽ‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുളള തീരുമാനവും സിന്‍ഡിക്കേറ്റിന്‍റെ പരിഗണനയിലാണ്. ഇതിനിടെ വൈസ് ചാൻസലറക്ക് പുനർ‍ നിയമനം നൽ‍കാനുളള നീക്കം സംശയാസ്പദമാണന്നും കെ.എസ്.യു ആരോപിക്കുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed