കത്തിലെ ഉള്ളടക്കം മറ്റൊരാൾക്ക് ചോർത്തി നൽകി; പോസ്റ്റ്മാനും സൂപ്രണ്ടിനും ലക്ഷം രൂപ പിഴ


 

കണ്ണൂർ: രജിസ്ട്രേഡ് കത്ത് മേൽവിലാസക്കാരനു നൽകാതെ പൊട്ടിച്ചു വായിച്ചു കത്തിലെ ഉള്ളടക്കം മറ്റൊരാൾക്കു കൈമാറിയെന്ന പരാതിയിൽ പോസ്റ്റ്മാനും കൂട്ടു നിന്ന പോസ്റ്റൽ സൂപ്രണ്ടും കൂടി പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് ഉത്തരവ്. ഇവർക്കു രജിസ്ട്രേഡായി വന്ന കത്ത് ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ എം. വേണുഗോപാൽ പൊളിച്ചു വായിച്ചെന്നാണ് പരാതി. കത്തിലെ ഉള്ളടക്കം മറ്റൊരാൾക്കു കൈമാറിയെന്നും കത്തിന്‍റെ രഹസ്യസ്വഭാവം നശിപ്പിച്ചുവെന്നും ഇതിനു പോസ്റ്റൽ സൂപ്രണ്ടായിരുന്ന കെ.ജി. ബാലകൃഷ്ണൻ കൂട്ടു നിന്നെന്നുമായിരുന്നെന്നും പരാതിയിലുണ്ടായിരുന്നു. കത്ത് പൊളിച്ചു വായിച്ച ശേഷം മേൽവിലാസക്കാരൻ സ്ഥലത്തില്ലെന്നു കാണിച്ചു തിരിച്ചയച്ച സംഭവത്തിലാണ് ഉപഭോക്തൃകോടതി ഇരുവർക്കുമെതിരേ പിഴ ശിക്ഷ വിധിച്ചത്. പരാതിക്കാരനായ ആർട്ടിസ്റ്റ് ശശികല 30.6.2008 നു ചിറക്കൽ - പുതിയ തെരുവിലുള്ള കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടി എന്നയാൾക്കു കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ നിന്ന് അയച്ച രജിസ്ട്രേഡ് കത്താണ് പൊളിച്ചു വായിച്ചത്. മേൽവിലാസക്കാരനായ ഹംസക്കുട്ടി പരാതിക്കാരനിൽനിന്ന് അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം എഗ്രിമെന്‍റ് പ്രകാരം പണി പൂർത്തിയാക്കി നൽകേണ്ട വീടും സ്ഥലവും രജിസ്റ്റർ തീയതിക്ക് മുന്പേ പൂർത്തിയാക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കത്താണ് കേസിനാസ്പദമായ സംഭവം. കത്ത് കൈപ്പറ്റാതെ തന്നെ ഉള്ളടക്കം മനസിലാക്കിയ ഹംസക്കുട്ടി നിയമനടപടി ഭയന്നു വീടും സ്ഥലവും മറ്റൊരാൾക്കു മറിച്ചു വിറ്റു. അതിനാൽ കൊടുത്ത അഡ്വാൻസ് തുകയും നഷ്ടപരിഹാരവുമടക്കം പോസ്റ്റുമാനിൽനിന്ന് ഈ ടാക്കി തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആർട്ടിസ്റ്റ് ശശികല കണ്ണൂർ ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ എം.വേണുഗോപാലിനെതിരെ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് കെ.ജി.ബാലകൃഷ്ണൻ, ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ തിരുവനന്തപുരം, സെക്രട്ടറി യൂണിയൻ ഓഫ് ഇന്ത്യ ന്യൂ ഡൽഹി എന്നിവരെ പ്രതിചേർത്ത് കണ്ണൂർ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്തത്. തുടർന്ന നടത്തിയ വകുപ്പുതല അന്വേഷണത്തിൽ പോസ്റ്റുമാൻ കൃത്യവിലോപം ചെയ്തതായും കത്ത് മൂന്നു മടക്കാക്കി തിരിച്ചയയ്ക്കുമ്പോൾ മടക്കുമാറി സീൽ ഉള്ളിൽ ആയിപ്പോയതു തെളിയുകയും ചെയ്തതിനെത്തുടർന്ന് കുറ്റാരോപിതനായ പോസ്റ്റുമാനെ സ്ഥലം മാറ്റി ഇൻക്രിമെന്‍റ് കട്ട് ചെയ്തിരുന്നു. എന്നാൽ കേവലം മൂന്നു മാസത്തിനു ശേഷം കുറ്റക്കാരനായ പോസ്റ്റുമാനെ അതെ പോസ്റ്റ് ഓഫീസിലേക്കു വീണ്ടും നിയമിച്ചതിനെ ചോദ്യംചെയ്തു കൊണ്ടാണ് ആർട്ടിസ്റ്റ് ശശികല കണ്ണൂർ ഉപഭോക്തൃ കമ്മിഷനിൽ പരാതി സമർപ്പിച്ചത്. എന്നാൽ, സാങ്കേതിക തടസങ്ങൾ രേഖപ്പെടുത്തി കണ്ണൂർ ഉപഭോക്തൃ കമ്മീഷൻ നേരത്തെ കേസ് തള്ളുകയും ഇതിനെതിരെ പരാതിക്കാരൻ സംസ്ഥാന കമ്മീഷനിൽ സമർപ്പിച്ച അപ്പീൽ ഹർജിയിലൂടെ നേടിയെടുത്ത വിധിയിലൂടെ വീണ്ടും കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ എത്തിയ കേസിലാണ് പരാതിക്കാരന് അനുകൂലമായ വിധിയുണ്ടായത്. 13 വർഷത്തെ നിയമപോരാട്ടത്തിലൊടുവിലാണ് വിധി. പ്രസിഡന്‍റ് രവി സുഷ, മെമ്പർമാരായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പരാതിക്കാന് അനുകൂലമായ വിധി പ്രസ്താവിച്ചത്. പോസ്റ്റുമാൻ, പോസ്റ്റൽ സൂപ്രണ്ട് എന്നിവർ ചേർന്ന് 50,000 രൂപ വീതം 1,00,000 രൂപ പരാതിക്കാരനായ ആർട്ടിസ്റ്റ് ശശികലയ്ക്കു നൽകണമെന്നതാണ് വിധി. രണ്ടു മാസത്തിനകം തുക നൽകണമെന്നും വീഴ്ചവരുത്തിയാൽ എട്ടു ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed