ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കും


തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ തുറക്കൽ. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. കുട്ടികൾ സ്കൂളിലെത്തുന്പോൾ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതൽ 8, 9 ക്ലാസികളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്കൂളുകൾക്ക് തിരിക്കാം.

ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം. രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിർദ്ദേശങ്ങൾ. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

2400 തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ. ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed