ഖേദം പ്രകടിപ്പിച്ചിട്ടില്ല; പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: എംഎൽഎമാർ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.‌ മന്ത്രി എന്ന നിലയില്‍ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. ചില കരാറുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നുണ്ട്. കരാറുകാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാനാവില്ല. പറഞ്ഞതില്‍ ഒരടി പിറകോട്ട് പോയിട്ടില്ല. എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശിപാര്‍ശയുമായോ കരാറുകാര്‍ മന്ത്രിയുടെ അടുക്കല്‍ വരുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു കഴിഞ്ഞ ഏഴാം തീയതിയിലെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതേതുടർന്ന്, സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചത്. മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെ പറ്റി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നായിരുന്നു ഇവരു‌ടെ വിശദീകരണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed